Advertisment

സൗദി: വാണിജ്യ മാളുകളിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമാക്കിയും റസ്റ്റോറന്റുകൾ, കഫേകൾ, കേന്ദ്രീകൃത ഗ്രോസറികൾ എന്നിവയിൽ സൗദിവൽക്കരണം വർദ്ധിപ്പിച്ചും തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ,

New Update

ജിദ്ദ: സ്വദേശികൾക്ക് തൊഴിൽ രംഗത്ത് പരമാവധി അവസരങ്ങൾ സൃഷ്ട്ടിക്കുകയെന്ന സൗദി സർക്കാർ നയത്തിന്റെ തുടർച്ചയെന്നോണം അതിനുതകുന്ന പുതിയ മൂന്ന് തീരുമാനങ്ങൾ മാനവ വിഭവ - സാമൂഹ്യ വികസന വകുപ്പ് (തൊഴിൽ വകുപ്പ്) മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു. വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽറാജിഹി ആണ് തീരുമാനങ്ങൾ പുറപ്പെടുവിച്ചത്. ഇത് പ്രകാരം, തൊഴിലന്വേഷകരായ അമ്പത്തി ഒരായിരം സൗദി യുവതീ യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Advertisment

publive-image

ഒന്നാമത്തെ തീരുമാനമനുസരിച്ച്, മാളുകൾ, വാണിജ്യ സമുച്ഛയങ്ങൾ എന്നിവയിൽ അവിടുത്തെ എല്ലാ തരം ബിസിനെസ്സുകളുമായും ബന്ധപ്പെട്ട പ്രൊഫഷനുകളും ജോലികളുകളുമെല്ലാം സൗദികൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കും. മാളുകളുടെ അഡ്മിനിസ്ട്രേഷൻ ഓഫീസ് ജോലികളും ഇതിൽ ഉൾപ്പെടും. എന്നാൽ, ഏതാനും ചില നിർണിത തൊഴിലുകൾക്കും പ്രൊഫഷനുകൾക്കും ഇളവുണ്ടായിരിക്കും.

രണ്ടാമത്തെ തീരുമാനം, സൗദിവൽക്കരണ തോത് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഹോട്ടലുകൾ, കഫേകൾ എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണ തോത് വർധിപ്പിക്കുന്നത്. മന്ത്രാലയ തീരുമാനത്തിനൊപ്പം പുറത്തിറക്കിയ നടപടിക്രമ മാർഗ നിർദേശത്തിൽ ഏതു തരം ജോലികൾ, അവയുടെ സംവരണ തോത്, അത് നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ തീരുമാനത്തോടൊപ്പമുള്ള മാർഗ്ഗരേഖയിൽ ചേർത്തതായും മന്ത്രി വ്യക്തമാക്കി.

തൊഴിൽ മന്ത്രിയുടെ പ്രഖ്യാപനത്തിലെ മൂന്നാമത്തെ കാര്യവും സൗദിവത്കരണത്തിന്റെ തോത് വദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രീകൃത ബിസിനസ് ചെയ്യുന്ന മാർക്കറ്റുകൾ (സപ്ലൈ ചെയിൻ ഉള്ള ഗ്രോസറികൾ ) ആണ് ലക്ഷ്യമാക്കുന്നത്. ഇവിടങ്ങളിലെയും പ്രൊഫഷൻ, സംവരണ തോത്, അതിന്റെ ഘട്ടങ്ങൾ, നിബന്ധനകൾ എന്നിവയെല്ലാം തീരുമാനത്തോട് ചേർത്തുള്ള മാർഗ്ഗരേഖയിൽ പ്രതിപാദിച്ചിട്ടുണ്ട്.

തീരുമാനങ്ങൾ നിർബന്ധമായും പ്രാവർത്തികമാക്കണമെന്നും ലംഘനങ്ങൾ ശിക്ഷാ നടപടികൾക്ക് വഴി വെയ്ക്കുമെന്നും മന്ത്രാലയം സ്ഥാപനങ്ങളെ ഓർമിപ്പിച്ചു. തീരുമാനങ്ങൾ നടപ്പിലാക്കുന്നതി നുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സൈറ്റിൽ ചേർത്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Advertisment