/sathyam/media/post_attachments/FtzwS05ur9dt1dQ7sEQZ.jpg)
ജിദ്ദ: അമേരിക്ക അഫ്‌ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ അൽഖാഇദ തലവൻ അയ്മൻ സവാഹിരിയെ കൊലപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡണ്ട് അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അൽഖാഇദ തലവനെ ലക്ഷ്യമാക്കി അഫ്‌ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ തങ്ങൾ നീതിനടപ്പിലാക്കിയതായി ഇന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആണ് ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചത്.
2011 ൽ പാകിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിലൂടെ അൽഖാഇദ മേധാവി ഉസാമ ബിൻ ലാദിൻ കൊല്ലപ്പെട്ടത് മുതൽ അയ്മൻ സവാഹിരി ആയിരുന്നു അൽഖാഇദ തലവൻ. 2020 നവംബറിൽ സവാഹിരി മാരകമായ രോഗം മൂലം മരണപ്പെട്ടുവെന്ന് വാർത്ത പ്രചരിച്ചിരുന്നു.
ഭീകര സംഘടനയായ അൽഖാഇദയുടെ തലവൻ സവാഹിരി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നടത്തിയ പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം സന്തുഷ്ടി പ്രകടിപ്പിച്ചു. സൗദി, അമേരിക്ക തുടങ്ങിയ വിവിധ നാടുകളിൽ അരങ്ങേറിയ ഭീകരാക്രമണങ്ങളുടെയും അതിലൂടെ സൗദി പൗരന്മാർ ഉൾപ്പെടെ വിവിധ ദേശക്കാരും മതക്കാരും നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തതിന്റെയും പിന്നിലെ സൂത്രധാരൻ സവാഹിരി ആയിരുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. ഭീകരതയ്ക്കെതിരെ ആഗോള തലത്തിലുള്ള സഹകരണവും പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതാണെന്നും നിരപരാധികളെ രക്ഷയ്ക്കാൻ വേണ്ടി ഭീകര സംഘങ്ങൾക്കെതിരെ സഹകരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ചുമതലയാണെന്നും സൗദി പ്രസ്താവന ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്ക നടത്തിയ വ്യോമാക്രമണം അഫ്‌ഗാനിസ്ഥാന്റെ പരമാധികാരവും ദോഹാ കരാറും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഫ്‌ഗാനിസ്ഥാൻ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നു. ഇരുപത് വര്ഷങ്ങളായി അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക തുടർന്ന് വന്ന പരാജയപ്പെട്ട നിലപാടിന്റെ തുടർച്ചയാണ് പുതിയ ആക്രമണം എന്ന് താലിബാൻ സർക്കാർ വാക്താവ് ദബീഹുള്ളാ മുജാഹിദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us