രോഗബാധിതരുടെ എണ്ണം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യുന്നതിലും അധികമായാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, May 31, 2020

റിയാദ് :  സൗദിയില്‍ രോഗബാധിതരുടെ എണ്ണം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യുന്നതിലും അധികമായാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. രാജ്യത്തെ മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലേക്ക് പിന്മടങ്ങാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ തുടരാൻ അധികൃതരുടെ ബോധവൽക്കരണ ശ്രമങ്ങൾ ജനങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും വേണം. അല്ലാത്ത പക്ഷം ഇളവുകൾ തുടരുന്നതിൽ പുനർവിചിന്തനം വേണ്ടി വരുമെന്നും അൽ അറബിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

നമ്മൾ എല്ലാവരും ഇപ്പോൾ ഒരു വഞ്ചിയിലാണ്. നമുക്കൊന്നിച്ച് മുന്നോട്ട് തുഴയാം. പൊതു സമൂഹത്തിന് നിയന്ത്രണങ്ങളോട് പ്രതിബദ്ധത ഇല്ലെങ്കിൽ നാം എവിടുന്ന് തുടങ്ങിയോ അവിടെ തന്നെ ചെന്ന് നിൽക്കുമെന്നും രാജ്യത്തെ ഓരോ ദിവസത്തെയും ആരോഗ്യാവസ്ഥ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും.  അദ്ദേഹം പറഞ്ഞു.

നിബന്ധനകൾ ലഘൂകരിച്ചതിന്റെ ഭാഗമായി 90000 ലധികം പള്ളികൾ രാജ്യത്ത് വിശ്വാസി സമൂഹത്തിനായി തുറന്നു കൊടുത്തു. സുബഹി നമസ്കാരം മുതൽ തന്നെ അനേകം പേർ പള്ളിയിലെത്തി. താമസ സ്ഥലത്ത് തന്നെ നമസ്‍കരിക്കുക എന്ന അസ്വാഭാവിക ബാങ്ക് വിളി രണ്ടു മാസത്തിന് ശേഷം ഇല്ലാതായതിന്റെ സമാശ്വാസം കൂടി പള്ളിയിലെത്തിയവരുടെ മുഖത്ത് പ്രകടമായിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

വിവിധ ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റും മന്ത്രാലയം നടത്തിയ അതിശക്തമായ ബോധവൽക്കരണം ഉൾക്കൊണ്ടു കൊണ്ടാണ് ആളുകൾ എത്തിയത്. ആരുടേയും നിർദ്ദേശങ്ങളോ ശാസനകളോ ഇല്ലാതെ തന്നെ നിബന്ധനകൾ സ്വയമേവ പാലിച്ചു മാസ്കുകളും ധരിച്ചു വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തി സ്വന്തം മുസല്ലകളും കയ്യിലേന്തി ശാരീരിക അകലം പാലിച്ചു കൊണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ഒരു പുതിയ മസ്ജിദ് സംസ്കാരത്തിന് തുടക്കം കുറിച്ച് കൊണ്ടാണവർ താമസ സ്ഥലങ്ങളിലേക്ക് മടങ്ങി പോയത്.

ഓഫീസുകളിൽ ജോലികൾ പുനരാരംഭിക്കാൻ അനുവാദം നൽകിയെങ്കിലും ചില വിഭാഗങ്ങൾക്ക് ഓഫീസുകളിൽ എത്തുന്നതിന് ആഭ്യന്തര മന്ത്രാലയ പ്രോട്ടോകോൾ പ്രകാരം വിലക്കുണ്ട്. 65 വയസ്സിന് കൂടുതൽ പ്രായം ഉള്ളവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, ആസ്തമയുള്ളവർ, അമിത വണ്ണം ഉള്ളവർ തുടങ്ങിയവർക്കൊക്കെ നിയന്ത്രണങ്ങൾ ബാധകമാണ്.

സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ പൂർണ്ണ രോഗ വിമുക്തമായതിന് ശേഷമായിരിക്കും തുറന്നു കൊടുക്കുക. കോഫീ ഷോപ്പികളും റസ്റ്റോറന്റുകളും ഡെലിവറി രീതിയിൽ പ്രവർത്തിക്കാം. ഇവിടങ്ങളിൽ ഒറ്റ തവണ ഉപയോഗത്തിനുള്ള മെനു കാർഡുകൾ നൽകണം. ഉപഭോക്താക്കൾക്കിടയിൽ ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ അകലം പാലിക്കണം. ശരീരതാപ നില ഉയർന്നവരെ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിരവധി നിബന്ധനകൾ ഇവക്ക് ബാധകമാണ്.

മാസ്ക് ധരിക്കാതെ നടക്കുന്നവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും ,സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പതിനായിരം റിയാല്‍ ആണ് പിഴ ചുമത്തുക മെയ്‌ 31 മുതല്‍ ജൂണ്‍ 20 വരെ പുറത്തിറങ്ങാനുള്ള സമയം രാവിലെ ആറു മുതല്‍ വൈകീട്ട് എട്ടു മണി വരെയാണ്

×