ജിദ്ദ/ മക്ക : സൗദിയില്‍ കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് സൗദി നാഷണല്‍ സയിന്റഫിക് കമ്മിറ്റി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് വാക്സിനുകൾ എത്താൻ തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ വാക്സിനുകൾ എത്തിയതായി മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുഴുവൻ പ്രവിശ്യകളിലും വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലഭ്യതക്കുറവ് മൂലം നേരത്തെ നിർത്തി വെച്ച വാക്സിൻ വിതരണമാണ് പൂർണ്ണ തോതിൽ പുനഃരാരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാക്‌സിന്‍ സെന്ററുകള്‍ അറിയാനും അപ്പോയിന്റ്‌മെന്റ് നേടാനും ‘സിഹതീ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ മക്കയില്‍ കൊറോണ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ആബിദയയില്‍ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി കോംപൗണ്ടിലാണ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്വദേശി കളും വിദേശികളും അടക്കം നിരവധി പേര്‍ ആദ്യ ദിവസം തന്നെ മക്ക സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു.
മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇല്‍ മുതൈര്‍ വാക്‌സിന്‍ സെന്റര്‍ സന്ദര്‍ശിച്ചു. 'സിഹതീ' ആപ്പ് വഴി മുന്‍കൂട്ടി ബൂക്ക് ചെയ്ത സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞു.
നിലവില്‍ വാക്‌സിന്‍ നല്‍കുന്നതിന് 62 കാബിനുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വൈകാതെ കാബിനുകളുടെ എണ്ണം 120 ആയി ഉയര്‍ത്തും. ദിവസേന അയ്യായിരത്തിലേറെ പേരെ സ്വീകരിക്കാന്‍ സാധിക്കും വിധം സെന്ററിന്റെ ശേഷി ഉയര്‍ത്താനാണ് ശ്രമം. ഈയാഴ്ചയില്‍ വൈകീട്ടു മാത്രമാണ് വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തയാഴ്ച രാവിലെയും വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളില്‍ വാാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും ഹമദ് അല്‍ഉതൈബി പറഞ്ഞു.
മക്കയില്‍ അഞ്ചു വാക്‌സിന്‍ സെന്ററുകള്‍ കൂടി സജ്ജീകരിച്ചുവരികയാണ്. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലും അല്‍ശറായിഅ്, അല്‍മആബിദ, അല്‍അവാലി, തഖസ്സുസി ഡിസ്ട്രി ക്ടുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം ആരംഭിക്കും.
വൈകാതെ മക്കയില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ വിപുലമാക്കുകയും അഞ്ചു വാക്‌സിന്‍ സെന്ററുകള്‍ കൂടി തുറക്കുകയും ചെയ്യും. ഇതോടെ മക്കയിലെ വാക്‌സിന്‍ സെന്ററുകളുടെ എണ്ണം പതിനൊന്നായി ഉയരുമെന്നും ഡോ. വാഇല്‍ മുതൈര്‍ പറഞ്ഞു.
ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി കോംപൗണ്ടിലെ വാക്‌സിന്‍ സെന്ററില്‍ നിന്ന് ആദ്യ ദിവസം നൂറിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ഉതൈബി പറഞ്ഞു. വരും ദിവസങ്ങളില്‍ സെന്ററില്‍ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം പടിപടിയായി ഉയര്‍ത്തും. വൈകാതെ പ്രതിദിനം രണ്ടായിരം പേര്‍ക്കു വീതം ഈ സെന്റര്‍ വഴി വാക്‌സിന്‍ നല്‍കും.