കേരളം

സേവറി നാണു കൊലപാതകം: കെ സുധാകരന്റേത് കുറ്റസമ്മതമെന്ന് എം.വി.ജയരാജൻ; പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സുധാകരനെതിരെ കേസെടുക്കണമെന്നും നാണുവിന്‍റെ ഭാര്യ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, June 20, 2021

കണ്ണൂർ: സേവറി നാണുവിന്റെ കൊലപാതകം സംബന്ധിച്ച പ്രസ്താവന കെ.സുധാകരന്റെ കുറ്റസമ്മതമെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കൊലയാളികള്‍ ബോംബ് എറിഞ്ഞത്. ഡിസിസി ഓഫിസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണം.

നാല്‍പാടി വാസു കേസില്‍ സുധാകരന്‍ പ്രതിയാണെന്നും കോണ്‍ഗ്രസ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതാണെന്നും ജയരാജൻ ആരോപിക്കുന്നു.

അതേസമയം, കെ സുധാകരന്‍റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് സേവറി നാണുവിന്‍റെ ഭാര്യ ഭാർഗവിയും പറഞ്ഞു. നാണുവിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ സുധാകരനെതിരെ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെടുന്നു.

1992 ജൂൺ 13-നാണ് കണ്ണൂർ ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ് കൊന്നത്. ”താൻ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാൽ രാജി വയ്ക്കാം”, എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്.

×