സ്‌കൂളുകളില്‍ അഡ്മിഷന്‍ ദിവസങ്ങളില്‍ കവര്‍ച്ച: 'പരേതന്‍' പിടിയില്‍

New Update

കൊല്ലം: തമിഴ്‌നാട് പൊലീസ് കൊല്ലപ്പെട്ടെന്നു വിധിയെഴുതിയ മോഷ്ടാവിനെ കേരള പൊലീസ് വിദഗ്ദ്ധമായി പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടക്കുന്ന ദിവസങ്ങളില്‍ കവര്‍ച്ച നടത്തുന്ന തക്കല കടലൂര്‍ സ്വദേശി വിനോദാണ് (28) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

Advertisment

publive-image

വെബ്‌സൈറ്റുകള്‍ നോക്കി അഡ്മിഷന്‍ സമയം മനസിലാക്കിയശേഷം രാത്രി സ്‌കൂളില്‍ കയറി മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. രണ്ടു ദിവസം മുമ്പ് കടലൂരിലെ വിനോദിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം രണ്ടു തവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഒടുവില്‍ പൊലീസ് സംഘം കഴിഞ്ഞദിവസം സമീപത്തെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ആറിന് കൊല്ലം നഗരത്തിലെ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍നിന്ന് 60,000 രൂപ കവര്‍ന്നതിന് പുറമേ 72 ക്യാമറകളടങ്ങിയ സി.സി ടി.വി സംവിധാനവും തകര്‍ത്തിരുന്നു. അന്നുതന്നെ സെന്റ് അലോഷ്യസ് സ്‌കൂളിലെ മേശയില്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ മൂന്ന് പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നു. സമീപത്തെ സി.സി ടിവിയില്‍ നിന്നും മോഷ്ടാവെത്തിയത് സ്‌കോര്‍പിയോ കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

കൊല്ലം ജില്ലയില്‍ മറ്റു രണ്ടു സ്‌കൂളുകളിലും തമിഴ്‌നാട്ടില്‍ 23 സ്‌കൂളുകളിലും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ 50000 രൂപയും പുനലൂര്‍ വാളയോട് എച്ച്.എസ്.എസില്‍ നിന്നും ഒന്നരലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. തിരുനെല്‍വേലിയിലെ സ്‌കൂളില്‍ നിന്നു 30 ലക്ഷം രൂപയും കവര്‍ന്നു.മോഷണത്തിന് ഉപയോഗിച്ചിരുന്ന സ്‌കോര്‍പിയോ, മാരുതി 800 കാറുകള്‍ പിടിച്ചെടുത്തു.

തമിഴ്‌നാട്ടിലെ ഒരു കടയിലായിരുന്നു വിനോദിന് ജോലി. എല്ലാദിവസവും സമീപത്തെ അനധികൃത ബാറില്‍ സുഹൃത്തിനൊപ്പമെത്തി മദ്യപിക്കുമായിരുന്നു. അടുത്തിടെബാറില്‍ ഇവര്‍ പതിവായി ഇരിക്കുന്നിടത്ത് അടിപിടിയില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് പേരുടെയും മുഖം വികൃതമായിരുന്നു. വിനോദും സുഹൃത്തുമാണ് മരിച്ചതെന്ന് എല്ലാവരും ധരിച്ചു.

സംഘര്‍ഷത്തില്‍ യുവാക്കള്‍ മരിച്ച നിലയില്‍ വിനോദിന്റെ ചിത്രം സഹിതം തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ വിനോദിന്റെ പേരിലുള്ള മോഷണ കേസുകളിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. താന്‍ മരിച്ചതായുള്ള പത്ര വാര്‍ത്തകള്‍ വിനോദിന്റെ ഫോണില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

KOLLAM school theft accused
Advertisment