സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, November 18, 2019

കണ്ണൂർ; സംസ്ഥാന സ്‌കൂള്‍ കായികോത്സവം ചൊവാഴ്ച അവസാനിക്കാനിരിക്കെ ഒറ്റ പോയിന്റില്‍ ഒന്നാമതാണ് എറണാകുളം ( 77.33). വിടാതെ പാലക്കാടുണ്ട് (76.33). 4ഃ100 റിലേയടക്കം തിങ്കളാഴ്ച 34 ഫൈനലാണ്.

ചാമ്പ്യന്‍ സ്‌കൂളിനായുള്ള പോരില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസിനെ (22.33) പിന്നിലാക്കി പാലക്കാട് കല്ലടി എച്ച്‌എസ് കുമരംപുത്തൂര്‍ (28.33) മുന്നിലെത്തി. ഗവ. എച്ച്‌എസ് മണീട് പിറവമാണ് (20) മൂന്നാമത്. ബാക്കിയുള്ളത് 57 ഫൈനലുകള്‍. അഞ്ച് മീറ്റ് റെക്കോഡുകള്‍ പിറന്ന രണ്ടാം ദിനം പുതിയ വേഗക്കാരെയും കണ്ടെത്തി.

പെണ്‍കുട്ടികളില്‍ മീറ്റ് റെക്കോഡോടെ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്‌എസ്‌എസിലെ ആന്‍സി സോജനും (12.05) ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്‌എസ്‌എസിലെ ആര്‍ കെ സൂര്യജിത്തും (11.02) കൗമാരകേരളത്തിന്റെ പുതിയ വേഗക്കാരായി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് കുട്ടമത്ത് ജിഎച്ച്‌എസ്‌എസിന്റെ കെ സി സെര്‍വാന്‍ പതിനാലുവര്‍ഷത്തെ മീറ്റ് റെക്കോഡ് തിരുത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മാതിരപ്പള്ളി എംഎ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലിലെ ജിബിന്‍ തോമസും പുതിയ ദൂരം കുറിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷ സ്‌കൂളിലെ പ്രതിഭ വര്‍ഗീസും സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎംഎച്ച്‌എസ്‌എസിലെ എ രോഹിതും റെക്കോഡിട്ടു. അഞ്ചു പേര്‍ ഇരട്ട സ്വര്‍ണം നേടി.

×