രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ പരിഭാഷ; വീഡിയോ വൈറല്‍

ന്യൂസ് ബ്യൂറോ, വയനാട്
Wednesday, January 27, 2021

കല്‍പ്പറ്റ: വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തി വിദ്യാര്‍ഥിനി ഫാത്തിമ. കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതോടെ നാട്ടിലെ താരമായിരിക്കുകയാണ്‌ ഫാത്തിമയെന്ന വിദ്യാർഥിനി.

ബുധനാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിയ രാഹുലിന്റെ ആദ്യപരിപാടിയായിരുന്നു വണ്ടൂരിലേത്. മികച്ച രീതിയിൽ വേദിയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാർഥിനിയെ രാഹുൽ വേദിയിൽ വച്ചുതന്നെ അഭിനന്ദിച്ചു.

ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നും പി.സി. വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണെന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. “പക്ഷേ ഇപ്പോള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും. പക്ഷേ മാസ്‌ക് മാറ്റുന്നതിന് മുമ്പ് ഞാന്‍ സ്വയം ചിന്തിക്കും. രാഹുല്‍ ഗാന്ധി പറഞ്ഞു.

പി.സി. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പ്‌…

‘പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും… അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്‍കാന്‍ എനിക്കും സാധിക്കില്ല… ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്‌ക് ധരിക്കണം. ‘.

വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത # വയനാടിന്റെ രാഹുല്‍.

×