Advertisment

സ്‌കൂളുകളും കോളേജുകളും വീണ്ടും അടച്ചുപൂട്ടുമോ ? കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്ത് ? യാഥാര്‍ത്ഥ്യം അറിയാം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പൊതുസമൂഹത്തെ പരിഭ്രാന്തിയിലാഴ്ത്തി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് പതിവ് സംഭവമായിരുന്നു. രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഉടന്‍ അടയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന തരത്തില്‍ വ്യാജ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് വാര്‍ത്തയിലെ യാഥാര്‍ത്ഥ്യം ആരാഞ്ഞ് രംഗത്തെത്തിയത്.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് 'പിഐബി ഫാക്ട് ചെക്ക് ടീം'. നിലവില്‍ അത്തരം ഉത്തരവുകളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പിഐബി വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

''സ്‌കൂളുകളും കോളേജുകളും വീണ്ടും അടയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി അവകാശപ്പെട്ട് വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നു. ഇത് അടിസ്ഥാനരഹിതമാണ്. ആഭ്യന്തര മന്ത്രാലയം അത്തരത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല''-പിഐബി ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ ആരംഭ ഘട്ടത്തില്‍ രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഏഴു മാസത്തിലധികം അടച്ചിട്ടിരുന്നു. ഘട്ടംഘട്ടമായി സംസ്ഥാന സര്‍ക്കാരുകള്‍ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണ്.

ഫേസ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

Advertisment