ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഷോണ്‍ കോണറി അന്തരിച്ചു

New Update

publive-image

ലണ്ടന്‍: ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.

Advertisment

1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട താരമായിരുന്നു. ജെയിംസ് ബോണ്ട് വേഷം അവതരിപ്പിച്ച അഭിനേതാക്കളില്‍ ഏറ്റവും മികച്ചയാളായി ഒട്ടുമിക്ക അഭിപ്രായസര്‍വേകളും തിരഞ്ഞെടുത്തത് കോണറിയെയാണ്.

ഡോക്ടര്‍ നോ ഉള്‍പ്പെടെയുള്ള ബോണ്ട് ചിത്രങ്ങളും ഇന്‍ഡ്യാനാ ജോണ്‍സ് ആന്‍ഡ് ദ ലാസ്റ്റ് ക്രൂസേഡ്, ദ ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍ തുടങ്ങിയവയും വന്‍ജനപ്രീതി നേടി. 1988 ല്‍ ദ അണ്‍ടച്ചബ്ള്‍സ് എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര്‍ കരസ്ഥമാക്കി.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു.

Advertisment