രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് പകൽ 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേര്‍ പങ്കെടുക്കും; അത് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 50,000ൽ അധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിലാണ് ഇത്രയും ചുരുക്കി ആളുകളെ പങ്കെടുപ്പിക്കുന്നത്. ഗവർണർ, മുഖ്യമന്ത്രി, 21 മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, പാർട്ടി പ്രതിനിധികൾ, ന്യായാധിപൻമാർ, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥർ, ഭരണഘടനാ പദവി വഹിക്കുന്നവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവരെല്ലാം ചേർന്നാണ് 500 പേർ.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷണിക്കപ്പെട്ടവർ 2.45നകം സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ, ആൻറിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. എംഎൽഎമാർക്കു കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഡബിൾ മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ചെയ്യണം.

Advertisment