സീറോമലബാര്‍ സഭയില്‍ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും രൂപതകള്‍ കടന്നുള്ള സ്ഥലംമാറ്റം നടപ്പിലാക്കാന്‍ ആലോചന. ഒരു ബിഷപ്പ് ഒരു രൂപതയില്‍ 7 വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്യുന്നത് അവസാനിപ്പിക്കും. വൈദികര്‍ക്ക് മറ്റു രൂപതകളിലേയ്ക്കും സ്ഥലംമാറ്റം നല്‍കും. സമ്പൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി കത്തോലിക്കാ സഭ !

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, July 3, 2019

കോട്ടയം : സീറോമലബാര്‍ സഭയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് നടപടി തുടങ്ങി. എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയില്‍ തന്നെ അഴിച്ചുപണിക്ക് നീക്കം തുടങ്ങിയിരിക്കുന്നത് .

ഇതുപ്രകാരം സഭയിലെ മെത്രാന്മാര്‍ക്ക് വൈദികര്‍ക്കെന്നപോലെ സ്ഥലംമാറ്റം നടപ്പാക്കാനാണ് ആലോചന. ഒരു ബിഷപ്പ് ഒരു രൂപതയില്‍ 7 വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്യുന്നത് അവസാനിപ്പിച്ച് മെത്രാന്മാര്‍ക്ക് സ്ഥലംമാറ്റം നടപ്പിലാക്കും.

നിലവില്‍ ഒരു രൂപതയില്‍ ചുമതലയേല്‍ക്കുന്ന മെത്രാന്‍ എഴുപത്തഞ്ചാം വയസില്‍ വിരമിക്കും വരെ അതേ രൂപതയില്‍ തന്നെ തുടരുന്നതാണ് സ്ഥിതി . വിരമിച്ച ശേഷവും അവര്‍ അതേ രൂപതാ കാര്യാലയത്തില്‍ വിശ്രമ ജിവിതം നയിക്കും.

എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി നിലവില്‍ ഒരു രൂപതയില്‍ 7 വര്‍ഷത്തില്‍ കൂടുതല്‍ കാലം സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് മറ്റു രൂപതകളിലേയ്ക്ക് മാറ്റം വരും. സമാനമായ രീതിയില്‍ വൈദികര്‍ക്കും മാറ്റം ഉണ്ടാകും.

വൈദികര്‍ക്കും മറ്റു രൂപതകളിലേയ്ക്ക് സ്ഥലം മാറ്റം നല്‍കും. നിലവില്‍ ഒരു രൂപതയില്‍ അംഗമായ വൈദികന് അതേ രൂപതയുടെ കീഴിലുള്ള ഇടവകകളിലേയ്ക്കോ സ്ഥാപനങ്ങളിലേയ്ക്കോ മാത്രമേ മാറ്റം നല്കുന്നുള്ളൂ. എന്നാല്‍ പുതിയ സംവിധാനം നിലവില്‍ വന്നാല്‍ വൈദികരെ സഭയുടെ കീഴിലുള്ള ഏത് രൂപതയിലേയ്ക്കും മാറ്റി നിയമിക്കാന്‍ നടപടി ഉണ്ടാകും.

അതായത് പാലാ രൂപതയിലെ വൈദികര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുമ്പോള്‍ കുറച്ചുപേര്‍ക്ക് ഇടുക്കിയ്ക്കും കുറച്ചുപേര്‍ക്ക് ത്രിശൂര്‍ക്കും ചിലര്‍ക്ക് താമരശേരിക്കും വേറെ ചിലര്‍ക്ക് ഫരീദാബാദിലേയ്ക്കുമായി മാറ്റം നല്‍കും . അവിടെനിന്നും തിരിച്ചും ഇവിടങ്ങളിലേയ്ക്ക് മാറ്റം ഉണ്ടാകും.

ആഗസ്റ്റ്‌ മാസം നടക്കുന്ന സഭാ സിനഡില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ മെത്രാന്മാര്‍ക്കായിരിക്കും മാറ്റം നല്‍കുക . അതിനു ശേഷമാകും രൂപതകള്‍ കടന്നുള്ള വൈദികരുടെ സ്ഥലം മാറ്റം നടപ്പിലാക്കുക.

×