തീപിടിച്ച വീടിനുള്ളിൽ അനുജത്തി അകപ്പെട്ടു; ഒന്നര വയസുകാരിയെ രക്ഷിക്കാൻ തീയിലേക്ക് എടുത്തുചാടി ഏഴ് വയസുകാരനായ സഹോദരൻ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, December 30, 2020

തീപിടിച്ച വീടിനുള്ളിൽ അകപ്പെട്ട ഒന്നര വയസുകാരിയായ അനുജത്തത്തിയെ രക്ഷിച്ച ഏഴ് വയസുകാരനായ സഹോദരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഡിസംബർ 8 ന് അമേരിക്കയിലെ ടെന്നസിയിലെ ന്യൂ ടാസ്വെലിലെ വീട്ടിലാണ് സംഭവം നടന്നത്.

രാത്രിയിൽ ഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്ന ഇവരുടെ വീടിന് തീപിടിക്കുകയായിരുന്നു. നിക്കോൾ ഡേവിഡ്സൺ എന്ന ഇവരുടെ പിതാവ് പുകയുടെ മണം ശ്വസിച്ചാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. വീടിന് തീപിടിച്ചെന്ന് മനസിലായതോടെ ഭാര്യയും മക്കളുമായി പുറത്തേക്ക് കടക്കാനുള്ള ശ്രമം ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളും പുറത്തു കടന്നെങ്കിലും എറിൺ ഡോവിഡ്സൺ എന്ന 22 മാസം പ്രായം വരുന്ന മൂന്നാമത്തെ മകൾ വീട്ടിനുള്ളിൽ അകപ്പെട്ടു.

എറിന്റെ കിടപ്പുമുറിക്ക് ചുറ്റും തീ പടർന്നതോടെ അകത്ത് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. ജനാലക്ക് വലുപ്പം ഇല്ലാത്തതിനാൽ അകത്ത് കയറാൻ നിക്കോളിന് കഴിയാതെയായി. തുടർന്നാണ് ഏഴ് വയസുകാരനായ മകൻ അനുജത്തിയെ രക്ഷിക്കാൻ അകത്തേക്ക് കടന്നത്. തുടർന്ന് അൽപനേരത്തിനുള്ളിൽ കുട്ടിയെ പുറത്തുകൊണ്ടുവരികയും ചെയ്തു.

“ഞങ്ങൾക്ക് എലിയെക്കുറിച്ച് അഭിമാനമാണ്, ഒരു മുതിർന്ന മനുഷ്യൻ ചെയ്യാത്തതാണ് അവൻ ചെയ്തത്” എലിയുടെ പിതാവ് ഡേവിഡ്സൺ പറഞ്ഞു. “എനിക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരുതി, പക്ഷേ എന്റെ സഹോദരി മരിക്കുന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.”, ഏഴു വയസുകാരൻ എലി പറഞ്ഞു.

ഇരുപതോളം വരുന്ന അഗ്നിശമന സേനാംഗങ്ങൾ അപ്പോഴേക്കും സംഭവസ്ഥലത്തെത്തിയങ്കിലും വീട് കത്തി നശിച്ചിരുന്നു.

×