Advertisment

മുസ്ലീംലീഗില്‍ കടുത്ത പ്രതിസന്ധി ! കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ഹൈദരലി തങ്ങളുടെ മകനെതിരെ കയ്യേറ്റ ശ്രമവും തെറിവിളിയും ! തെറിവിളിയും ഭീഷണിയുമായി രംഗത്തുവന്നത് മുസ്ലീംലീഗ് അംഗം തന്നെ. ലീഗ് ഹൗസില്‍ നടന്ന സംഭവത്തില്‍ അമ്പരന്ന് നേതാക്കളും ലീഗ് പ്രവര്‍ത്തകരും. തങ്ങള്‍കുടുംബത്തിലെ ഒരംഗത്തിനെതിരെ പരസ്യമായി കയ്യേറ്റനീക്കം ചരിത്രത്തിലാദ്യം. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയെന്ന് ഹൈദരലി തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ ! തങ്ങളുടെ അസുഖകാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളെന്നും മുയീന്‍ അലി

New Update

publive-image

Advertisment

കോഴിക്കോട്: മുസ്ലീംലീഗിലെ പ്രതിസന്ധി മറനീക്കി പുറത്തേക്ക്. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുയീന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ കയ്യേറ്റ നീക്കം. ലീഗ് പ്രവര്‍ത്തനകനാണ് മുയീന്‍അലിക്കെതിരെ തെറിവിളിയും ഭീഷണിയുമായി രംഗത്തുവന്നത്.

ഇതോടെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു. തുടര്‍ന്ന് മുയീന്‍ അലിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മുസ്ലീംലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തങ്ങള്‍ കുടുംബത്തിലെ ഒരംഗത്തിന് നേരെ ഇത്തരമൊരു നീക്കം പാര്‍ട്ടിയിലെ ആരുടെയങ്കിലും ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ലീഗിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന വിമര്‍ശനമാണ് മുയീന്‍ അലി തങ്ങള്‍ നടത്തിയത്. ഹൈദരലി തങ്ങള്‍ ആശുപത്രി കിടക്കയിലാകാനുള്ള കാരണവും ഇതുതന്നെയാണെന്ന് മുയീന്‍ തുറന്നടിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുയീന്‍ അലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടിയാണ്. ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ്. എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മുയീന്‍ അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളാണെന്നും മുയീന്‍ അലി തങ്ങള്‍ പറഞ്ഞു. ഹൈദരലി തങ്ങളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്തം ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിനാണ്. ഷെമീറിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയാണ് ഷെമീര്‍. അദ്ദേഹത്തെ അവിടേക്ക് നിയമിച്ചതും കുഞ്ഞാലിക്കുട്ടി താല്‍പ്പര്യമെടുത്താണ്.

muslim league
Advertisment