ഷഫാലിയുടെ ആത്മവിശ്വാസത്തിനു പിന്നില്‍ സച്ചിന്‍

ഉല്ലാസ് ചന്ദ്രൻ
Thursday, February 27, 2020

ജൊഹാനസ്ബെര്‍ഗ്: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് ഓപ്പണര്‍ ഷഫാലി വര്‍മ നടത്തുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ച ഇന്ത്യന്‍ ടീമിന് സ്ഫോടനാത്മക തുടക്കം സമ്മാനിച്ചത് ഈ 16 കാരിയായിരുന്നു.

ഷഫാലിയുടെ കരിയറിലെ കന്നി ലോകകപ്പ് കൂടിയാണിത്. ഇത്രയും ആത്മവിശ്വാസത്തോടെ കളിക്കാന്‍ തനിക്കു സാധിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകായണ് ഷഫാലി. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇതിനു പിന്നിലെന്നു ഷഫാലി പറയുന്നു. സച്ചിന്‍ സാറിനെ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തെ നേരില്‍ കാണുകയെന്നത് വലിയൊരു സ്വപ്നമായിരുന്നു. അതിനു സാധിച്ചതിന്റെ ആവേശം ഇപ്പോഴുമുണ്ട്. സച്ചിനെ നേരില്‍ കാണാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചു. ‘നിങ്ങളാണ് തന്റെ ആരാധനാപാത്രമെന്നും ഏറെ ബഹുമാനിക്കുന്നയാളെന്നും’ അന്നു സച്ചിനോടു പറഞ്ഞിരുന്നു.

സച്ചിന്‍ സാറിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വീണ്ടും അദ്ദേഹത്തെ നേരിട്ടു കാണാന്‍ കഴിയണമെന്നും കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കണമെന്നുമാണ് പ്രാര്‍ഥന. സച്ചിന്റെ ഉപദേശവും മാര്‍ഗനിര്‍ദേശവും കരിയറില്‍ കൂടുതല്‍ സഹായിക്കുമെന്നും അദ്ദേഹത്തെപ്പോലെ കളിക്കാനും ലോകകപ്പ് നേടാനും ഇതുതന്നെ സഹായിക്കുമെന്നുമാണ് വിശ്വസിക്കുന്നതെന്നും ഷഫാലി കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യമാണ് ഓസ്ട്രേലിയയില്‍ വച്ച് ഷഫാലി സച്ചിനെ നേരില്‍ കണ്ടത്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടപ്പോള്‍ ഷഫാലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. കളിയില്‍ വെറും 17 പന്തില്‍ നാലു സിക്സറുകളും രണ്ടു ബൗണ്ടറിയുമടക്കം 39 റണ്‍സാണ് ഷഫാലി അടിച്ചു കൂട്ടിയത്.

×