‘ആവേശ പോരാളി മുന്നോട്ടിതാ’ എന്ന പാട്ടുമായി പോകുന്ന വാഹനത്തിനു പിന്നിൽ വോട്ടർമാർക്കു കൈവീശിയും ഹൈ–ഫൈ നൽകിയും സെൽഫിയെടുത്തും മുക്കിലും മൂലയിലും ഷാഫി പറമ്പിലുണ്ട്. ചിലയിടത്തു ബൈക്കിൽ, മറ്റു ചിലയിടത്തു കാറിലും കൊടിപിടിച്ചും മുദ്രാവാക്യം മുഴക്കിയും. നാടിനു നല്ലതു ഷാഫി, ഷാഫി തുടരട്ടെ എന്ന മുദ്രാവാക്യം മുഴക്കി പ്രവർത്തകർ.
/sathyam/media/post_attachments/8lR1ubYjieETCC9MRkGM.jpg)
മൂന്നാമത്തെ അങ്കത്തിനിറങ്ങിയ എംഎൽഎയ്ക്ക് അഗ്രഹാരങ്ങളിൽ പലരെയും അടുത്തറിയാം, ‘‘രണ്ടു തവണ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന്റെ ഗുണമാണിത്’’– ഷാഫി പറയുന്നു. പ്രായത്തിന്റെ ആരോഗ്യപ്രശ്നങ്ങളുള്ള, കൽപാത്തി ചാത്തപുരം അഗ്രഹാരത്തിലെ സി.എം. ഗോകർനാഥിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം എംഎൽഎയെ കട്ടിലിൽ ഇരുത്തി നെഹ്റുവിന്റെ കാലം മുതലുള്ള തന്റെ കോൺഗ്രസ് ബന്ധം വിവരിച്ചു. സമാധാന ജീവിതത്തിനു പാർട്ടിക്കു വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി.
‘‘ജയിച്ചാൽ പോര, മന്ത്രിയുമാകണം’’, അഗ്രഹാരത്തിൽ നിന്നെത്തിയ ഗണേഷൻ ആഗ്രഹം മറച്ചുവച്ചില്ല. ഇതിനിടെ, അപ്രതീക്ഷിതമായി എത്തിയ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനുമായി ആശയവിനിമയം. അദ്ദേഹവുമൊത്തു രണ്ടുമൂന്നിടത്തു വോട്ടുതേടൽ. ഇടുങ്ങിയ ഒരു വീട്ടിലെത്തിയപ്പോൾ വൈദ്യുതി കണക‌്ഷൻ ലഭിക്കാത്തതിന്റെ സങ്കടവുമായി വീട്ടമ്മ.
ഇടപെട്ട് ശരിയാക്കാൻ കൂടെയുള്ള പ്രവർത്തകനോടു പറഞ്ഞ് അടുത്ത പോയിന്റിലേക്കു സ്ഥാനാർഥി. ‘‘നേതാക്കളും പ്രവർത്തകരും സജീവമാണ്. എ.വി. ഗോപിനാഥ് ഉൾപ്പെടെ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലും പങ്കെടുക്കുന്നു. പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽനിന്നു കഴിഞ്ഞ തവണത്തേക്കാൾ നല്ല സപ്പോർട്ടാണ്’’– ഷാഫി പറഞ്ഞു.
‘‘മെഡിക്കൽ കോളജ് അടക്കം പാലക്കാട്ട് അടിസ്ഥാന വികസനം നടപ്പാക്കി. അടുത്ത തവണ അനുബന്ധ വികസനവും നടപ്പാക്കും. വലിയ കമ്പനികളുടെ ജോലികൾ ഇവിടം കേന്ദ്രീകരിച്ചു ചെയ്യാനുള്ള സ്ഥാപനങ്ങളും ആരംഭിക്കും’’– വികസന സ്വപ്നങ്ങളിൽ ചിലതു ഷാഫി പങ്കുവച്ചു. ചുറ്റും കൂടിയവർക്കെല്ലാം ഹൈഫൈ, ‘ഞങ്ങൾ കൂടെയുണ്ടാകുമെന്ന് യുവാക്കളുടെ പ്രഖ്യാപനം’, ഷാഫി മുന്നോട്ട്...!