തിരുവനന്തപുരം: സിപിഐഎമ്മിന്റെ നിര്‍വചനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാഫിയ എന്നാക്കി തിരുത്തി എഴുതേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.
കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയെയും പോലുള്ള ആളുകള്‍ സിപിഎമ്മിനു വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുമ്പോള്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കുമായി ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കിയെ പോലുള്ള ആളുകളുമാണ് ക്വട്ടേഷന്‍ നടത്തുന്നതെന്നും അവരുടെയൊക്കെ പോസ്റ്റുകള്‍ക്ക് റഹീമിന്റെ പോസ്റ്റിനെക്കാള്‍ റീച്ചാണ് ഉള്ളതെന്നും ഷാഫി വ്യക്തമാക്കി.
“ശുഹൈബ് വധക്കേസിലെ പ്രതിയെ സെലിബ്രറ്റി സ്റ്റാറ്റസ് കൊടുത്താണ് ഇവര്‍ കൊണ്ടു നടക്കുന്നത്. അവരുടെയൊക്കെ പോസ്റ്റുകള്‍ക്ക് റഹീമിനേക്കാള്‍ റീച്ചുണ്ട്. കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുമ്പില്‍ ഇവര്‍ക്കു വലിയൊരു സ്റ്റാറ്റസ് കല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്. അത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന് പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും കൊല്ലാന്‍.
പാര്‍ട്ടി സ്വര്‍ണം കടത്താന്‍ പറഞ്ഞാല്‍ ഇനിയും കടത്താന്‍. വേറൊന്ന് പുറത്തു നില്‍ക്കുന്ന ചെറുപ്പക്കാരനും ഇതൊരു പ്രചോദനമാവാന്‍. ശുഹൈബ് വധക്കേസിലെ പ്രതിക്ക് ജയിലില്‍ കാമുകിയെ കാണാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നത് പൊലീസും ഭരണകൂടവുമാണ്. വലിയ ഫ്‌ലക്‌സ് നാട്ടില്‍ അടിച്ചു വെച്ച് താരപരിവേഷം കൊടുക്കുകയാണ്.
നവമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ലൈക്കിന്റെ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ശുഹൈബ് വധക്കേസിലെ പ്രതി ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലിട്ട നാല്‍പ്പതു പോസ്റ്റുകളില്‍ മുപ്പത്തിനാലെണ്ണവും സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും ജയരാജനെയും പിന്തുണച്ച് കൊണ്ടുള്ളതാണ്.
ഒരു സാധാരണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനോ നേതാവോ പോയി അതിനടിയില്‍ ഒരു കമന്റു പോലും ഇട്ടില്ലല്ലോ ഇത്തരം ക്രിമിനലുകളുടെ പിന്തുണ ഞങ്ങള്‍ക്ക് വേണ്ടായെന്ന്,’ ഷാഫി പറമ്പില്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് ഡിവൈഎഫ്‌ഐയെ അനുകൂലിച്ചുള്ളതാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.