Advertisment

ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് ഒന്ന് ചെന്ന് നോക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ തന്നെ എൻ്റെ കാലുകൾ ചെളി മൂടിയ ആ മണ്ണിൽ ആഴ്ന്നു പോയി; ആളുകൾ ജീവൻ കൈയ്യിൽ പിടിച്ച് പലായനം ചെയ്യുമ്പോൾ, ആഘോഷങ്ങളേക്കാൾ വലുതും അനിവാര്യമായതും സേവനമാണ്‌; യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി ഷാഫി പറമ്പില്‍ എംഎല്‍എ

New Update

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. രാജമലയിലെ മണ്ണിടിച്ചിൽ ദുരന്തവും, കരിപ്പൂരിലെ വിമാന ദുരന്തവും കണ്ടും കേട്ടും നടുക്കം വിട്ടുമാറാത്ത സാഹചര്യത്തിൽ എല്ലാ ആചരണങ്ങളും മാറ്റി വെച്ചെന്ന് അദ്ദേഹം പറയുന്നു.

Advertisment

publive-image

കുറിപ്പ് വായിക്കാം. 

യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും, ഒരു മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും.

ഇന്ന് യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനമായിരുന്നു. പുതിയ കമ്മിറ്റി നിലവിൽ വന്നിട്ടുള്ള ആദ്യ സ്ഥാപക ദിനത്തിൽ ഒട്ടേറെ സാമൂഹിക - സംഘടനാ പ്രവർത്തനങ്ങളായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മഴക്കെടുതി മൂലം രാജമലയിലെ മണ്ണിടിച്ചിൽ ദുരന്തവും, കരിപ്പൂരിലെ വിമാന ദുരന്തവും കണ്ടും കേട്ടും നടുക്കം വിട്ടുമാറാത്ത സാഹചര്യത്തിൽ എല്ലാ ആചരണങ്ങളും മാറ്റി വെച്ചു.

കേരളത്തിൽ പലയിടത്തായി വെള്ളം കയറി ആളുകൾ ജീവൻ കൈയ്യിൽ പിടിച്ച് പലായനം ചെയ്യുമ്പോൾ, ആഘോഷങ്ങളേക്കാൾ വലുതും അനിവാര്യമായതും സേവനമാണെന്ന് തിരിച്ചറിഞ്ഞ് ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയർ ബ്രിഗേഡിന്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ.

ഈ സ്ഥാപക ദിനത്തിൽ ഞാൻ മുഴുവൻ സമയവും ചിലവഴിച്ചത് ഇടുക്കിക്കാരനായ ഒരു മുൻ യൂത്ത് കോൺഗ്രസ്സുകാരൻ്റെ കൂടെയായിരുന്നു, ഇടുക്കിയുടെ എംപിയും യൂത്ത് കോൺഗ്രസ്സിൻ്റെ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡീൻ കുര്യാക്കോസിൻ്റെ കൂടെ.

രാജമലയിൽ ആ ദുരന്തമുണ്ടായ നേരം മുതൽ ഞാനിന്ന് അവിടെ വന്ന് തിരിച്ച് വീടെത്തുമ്പോൾ വരെയും അതിനു ശേഷവും, ഇടതടവില്ലാതെ ഒരു നിമിഷം പാഴാക്കാതെ ഇടപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കുന്ന ഒരു ജനപ്രതിനിധിയുടെ ചിത്രം ആ നാടിന് എത്രമാത്രം പ്രിയങ്കരവും, ആശ്വാസകരവും അഭിമാനകരവുമാണെന്ന് എനിക്കിന്ന് നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞു.

അവിടുത്തെ രക്ഷാ ദൗത്യം എത്രമാത്രം ദുഷ്കരമാണെന്ന്, അവിടെയുണ്ടായിരുന്ന ഏതാനും ചില മണിക്കൂറുകൾ കൊണ്ട് തന്നെ ഞങ്ങൾക്കെല്ലാവർക്കും ബോധ്യപ്പെട്ടു. ഡീൻ പറഞ്ഞതനുസരിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് ഒന്ന് ചെന്ന് നോക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ തന്നെ എൻ്റെ കാലുകൾ ചെളി മൂടിയ ആ മണ്ണിൽ കുറച്ച് ആഴ്ന്നു പോയി.

ആ മണ്ണിൽ ഒരു നിമിഷം പോലും കാലു കുത്താൻ കഴിയാതെ കാലുകൾ ആഴ്ന്നു പോകുന്ന സ്ഥലത്താണ്, കഴിഞ്ഞെത്രയോ മണിക്കൂറുകളായി അവിടെയുള്ള ഉയർന്ന കല്ലുകൾ തേടി കാലൂന്നിയും, താഴ്ന്നു പോകുന്ന സ്ഥലത്ത് ഷീറ്റിട്ടും, അവിടെ നിന്ന് പരസ്പരം കൈ പിടിച്ചും കൈ കൊടുത്തും ആളുകളെ പിടിച്ച് സഹായിച്ചുമൊക്കെ ദുരിതാശ്വാസ പ്രവർത്തനം സർക്കാരുദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തി കൊണ്ടിരിക്കുന്നത്.

അതിൽ ബഹളങ്ങളില്ലാതെ, വളരെ കാര്യക്ഷമതയോടെ, കൃത്യമായ ഇടപെടലുകളോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു ജന പ്രതിനിധിയെ ഡീൻ കുര്യാക്കോസ്  യിലൂടെ അവിടെ കാണാൻ കഴിഞ്ഞു. അദ്ദേഹം ഞങ്ങളുടെ പഴയ പ്രസിഡൻ്റാണെന്ന് പറയുന്നതിൽ അഭിമാനം വർദ്ധിക്കുകയാണ്.

അവിടെയുള്ള ത്രിതല പഞ്ചായത്ത് അംഗളോടും, മാധ്യമ പ്രവർത്തകരോടും, നാട്ടുകാരോടുമൊക്കെ സംസാരിക്കുമ്പോഴും മനസിലായ കാര്യം, വിശ്രമവും ഭക്ഷണവുമില്ലാതെ എന്തിനേറെ പറയുന്നു, ഇതു വരെ വീട്ടിൽ പോകാതെ രാവന്തിയോളം അവിടെ തന്നെയുണ്ട് ഡീൻ.

ഒരു ദിവസം തുടങ്ങുമ്പോൾ അതിരാവിലെ ആദ്യമെത്തിയും രാത്രിയായാൽ രക്ഷാദൗത്യത്തിലെ അവസാനത്തെ അംഗവും മടങ്ങുമ്പോഴും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഡീൻ അവിടെ തന്നെയുണ്ട്.

ദുരന്ത സ്ഥലത്ത് എത്തിയ കേന്ദ്ര സംഘത്തോടും, സംസ്ഥാന മന്ത്രിമാരോടും ജനപ്രതിനിധികളോടും അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിച്ചും, അവരാൽ കഴിയുന്ന രക്ഷാപ്രവർത്തന സഹായങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള സമ്മർദ്ദം ചെലുത്തിയും ഡീനുണ്ട്.

മൂന്ന് ദിവസം തുടർച്ചയായി വൈദ്യുതിയില്ലാതിരുന്നതിനാൽ മൊബൈൽ ടവർ സ്ട്രെങ്ങ്ത്ത് കുറഞ്ഞപ്പോൾ അത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെയും ആശയ വിനിമയത്തെയും ബാധിക്കുന്നു എന്ന തിരിച്ചറിവിൽ, ഡീൻ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഡീസൽ എഞ്ചിൻ എത്തിച്ച് ടവർ ചാർജ്ജ് ചെയ്തു. ഇത് രക്ഷാപ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിച്ചു.

കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് നിരന്തരം ഫോൺ വഴിയും മെയിൽ വഴിയും ബന്ധപ്പെട്ട് മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് അദ്ദേഹം. പ്രതിസന്ധിയിൽ വിശ്രമമില്ലാതെ ഒരു യന്ത്രം കണക്കെ പ്രവർത്തിച്ച്, അതോടൊപ്പം ഹൃദയത്തിൽ സാധാരണക്കാരനോടുള്ള അലിവും ആർദ്രതയും വാക്കുകൾക്കപ്പുറം പ്രവർത്തിയിൽ കാണിക്കുന്ന ഒരു പൊതു പ്രവർത്തകനെ ഇടുക്കിയിൽ നിന്ന് കാണാൻ കഴിഞ്ഞു.

ഈ സ്ഥാപക ദിനത്തിൽ കേരളത്തിലെ മുഴുവൻ സഹപ്രവർത്തകരും മാതൃകയാക്കുന്നത് ഞങ്ങളുടെ മുൻ പ്രസിഡൻ്റിനെയാണ്. തങ്ങളുടെ പരിമിതികൾക്കപ്പുറം സേവന സജ്ജമായി പ്രവർത്തിക്കുന്ന കേരളത്തിലുടനീളമുള്ള എൻ്റെ സഹപ്രവർത്തകരെയോർത്ത് ഞാൻ അഭിമാനിക്കുന്നു.

മഹാരഥന്മാരാൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ടത് തന്നെ ഇന്ത്യ മഹാരാജ്യത്ത് ജനാധിപത്യ മതേതര ബോധ്യമുള്ള ഒരു തലമുറയെ വാർത്തെടുത്ത്, ജനങ്ങൾക്ക് ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ അവർക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച്, എല്ലാ പരിഗണനകൾക്കുമപ്പുറം അവരെ കൈ പിടിച്ചുയർത്തി ചേർത്തു നിർത്താനുമാണ്.

ഈ സ്ഥാപക ദിനത്തിൽ കേരളത്തിൽ സേവന സന്നദ്ധതയുടെ ഒരു പാട് മാതൃകകൾ സൃഷ്ടിച്ച്, സംഘടന രൂപീകരിച്ച മഹാന്മാരോടും ഈ നാടിനോടും നീതി പുലർത്തി എന്ന അഭിമാന ബോധത്തോടെ, എൻ്റെ എല്ലാ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാശംസകൾ..

shafi parambil shafi parambil mla
Advertisment