/sathyam/media/post_attachments/iCmUsxxy3yKFEJUyRLwt.jpg)
ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കുന്ന പ്രണവിന്റെ താങ്ങും തണലുമാണ് ഷഹാന. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴേക്ക് തളര്‍ന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് ഇവര്‍. അധികംകാലം ഈ പ്രണയം ഉണ്ടാകില്ലെന്ന് പറഞ്ഞവര്‍ക്കുള്ള ഉത്തരമാണ് ഇവരുടെ ജീവിതം.
ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അടുത്തിടെ ഷഹാന പങ്കെടുത്തിരുന്നു. പ്രണവിനൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തപ്പോള്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഷഹാന തുറന്നു പറയുന്നു. പലതരം നെഗറ്റീവ് കമന്റുകള്‍ വന്നിട്ടുണ്ടെന്നും, വീട്ടുകാര്‍ക്ക് നേരെ പോലും പലതരം ഭീഷണികള്‍ വന്നിരുന്നുവെന്നും ഷഹാന പറയുന്നു.
'ഇപ്പോള്‍ കേസുകളൊന്നുമില്ല, സമാധാനത്തോടെ ജീവിക്കുകയാണ്. വീട്ടിലേക്ക് വിളിക്കാറുണ്ട്. എല്ലാം ഉപേക്ഷിച്ച് ചെല്ലാനാണ് വീട്ടീന്ന് പറയുന്നത്. എനിക്ക് വിഷമം വരുമ്ബോള്‍ ബാപ്പായെ വിളിക്കാറുണ്ട്. ഇടക്ക് വീട്ടിലൊന്നു പോകണമെന്നുണ്ട്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല', ഷഹാന പറഞ്ഞു.
എട്ടു വര്‍ഷം മുമ്ബ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നുന്നത്. ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ പ്രണവ് തന്നെയാണ് ആദ്യം എതിര്‍ത്തത്. നിരുത്സാഹപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും, പിന്മാറാന്‍ ഷഹാന തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രണവ് ഷഹാനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാര്‍ത്തുകയായിരുന്നു.