ഷെയ്ൻ നിഗം-ജോബി ജോർജ് ഒത്തുതീർപ്പ് ചർച്ച നാളെ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 22, 2019

കൊച്ചി : ഷെയിന്‍ നിഗം-ജോബി ജോര്‍ജ് തര്‍ക്കം പരിഹരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ നാളെ ചര്‍ച്ച നടത്തും. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ആരോപണം ജോബി ജോര്‍ജ് നിഷേധിക്കുകയാണുണ്ടായത്. ഷെയ്ന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുന്‍പ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നല്‍കിയതായി അറിഞ്ഞു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയെന്നും ജോബി പറഞ്ഞു.

തന്റെ സിനിമയില്‍ അഭിനയിച്ച ശേഷം മാത്രമേ മുടി മുറിക്കാവൂ എന്ന് കരാറുണ്ട്. ഇത് മാനിക്കാതെയാണ് ഷെയ്ന്‍ മുടി മുറിച്ചതെന്നും ജോബി പറഞ്ഞു. 30 ലക്ഷം രൂപയാണ് സിനിമയ്ക്ക് വേണ്ടി ഷെയ്‌ന് നല്‍കിയത്. അതിന് ശേഷം വീണ്ടും പത്ത് ലക്ഷം ആവശ്യപ്പെട്ടു. മുടി വെട്ടിയത് സംബന്ധിച്ച് ഷെയ്‌ന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഉറങ്ങിക്കിടന്നപ്പോള്‍ മുടി വെട്ടിയെന്ന് ഷെയ്ന്‍ പറഞ്ഞതായാണ് അറിയുന്നത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സ്വന്തം മുടി വെട്ടുന്നത് പോലും അറിയാത്ത വിധം ഷെയ്‌നെ എന്താണ് സ്വാധീനിക്കുന്നതെന്ന് ജോബി ജോര്‍ജ് ചോദിച്ചു.

സിനിമയ്ക്ക് വേണ്ടി അഞ്ചരക്കോടി ചെലവാക്കി. ഷെയ്‌നോട് സഹകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വോയിസ് മെസേജ് അയച്ചത് താന്‍ തന്നെയാണ്. ആരേയും മനഃപൂര്‍വം തേജോവധം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. ഷെയ്‌നോട് യാതൊരു വിരോധവുമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ പരാതിയില്‍ ആരോപിച്ചു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ഷെയ്ന്‍ തനിക്കെതിയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങള്‍ നടത്തുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഫോണിലൂടെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്ക് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും പരാതിയിലുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. അമ്മയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും ഷെയ്ന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

×