കരാർ ഒപ്പിട്ട തുകയ്ക്ക് ഷെയ്ൻ നിഗം മൂന്നു ചിത്രങ്ങൾ പൂർത്തിയാക്കും

ഫിലിം ഡസ്ക്
Tuesday, January 14, 2020

നിർമ്മാതാക്കളും താരസംഘടനയായ അമ്മയും നിലപാട് കടുപ്പിച്ചപ്പോൾ ഷെയ്ൻ വിട്ടുവീഴ്ചക്ക് തയ്യാറായി ഷെയ്ൻ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിന് എത്തിയ ഷെയ്ൻ നിഗം ഈ ആഴ്ച തന്നെ ഡബ്ബിങ്ങ് പൂർത്തീകരിക്കും.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ ഷെയ്ൻ, താര സംഘടനയായ അമ്മയുടെ നിർദ്ദേശം അനുസരിച്ചാണ് ഡബ്ബിങ്ങിനെത്തിയത്. നേരത്തെ ഒരിക്കൽ അമ്മയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ ലംഘിച്ചതിനാൽ ഇത്തവണ ചർച്ചയുടെ തുടക്കത്തിൽ തന്നെ മോഹൻലാൽ കടുത്ത നിലപാടെടുത്തിരുന്നു. തീരുമാനങ്ങൾ അംഗീകരിച്ചതായി എഴുതി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്താൻ തയ്യാറാണെന്ന് ഷെയ്ൻ നിർമ്മാതാവിനെ അറിയിച്ചത്.

വെയിൽ, കുർബാനി തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാനും ഷെയ്ൻ സഹകരിക്കും. നേരത്തെ കരാർ ഒപ്പിട്ട അതേ തുകയ്ക്കു തന്നെയാകും ഈ ചിത്രങ്ങളും പൂർത്തിയാക്കുന്നത്. ഇവയുടെ ചീത്രീകരണം ആരംഭിക്കും മുൻപ് അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക എന്നിവർ കൂട്ടായി ചർച്ച നടത്തും. വെയിലിന്റെയും കുർബാനിയുടെയും ചിത്രീകരണ സമയത്ത് ഒരു നിരീക്ഷകനെ നിയോഗിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

×