റാന്നി: പൂനലൂര്‍ മൂവാറ്റുപുഴ പാതയില്‍ തോട്ടമണ്‍കാവ് അമ്പലംപടിക്കും പേള്‍ സ്‌ക്വയറിനും മധ്യേയാണ് ഷണ്മുഖം പിള്ളയും കുടുംബവും താമസിക്കുന്നത്. എസ് പോലുള്ള 2 വളവുകള്‍ക്ക് മധ്യത്തിലായി റോഡിനോട് ചേര്‍ന്നാണ് ഇവരുടെ വീട്. ഇതുവരെ ചെറുതും വലുതുമായ 48 അപകടങ്ങളാണ് ഷണ്മുഖം പിള്ളയുടെ വീട്ടു മുറ്റത്തേക്കു മറിഞ്ഞിട്ടുള്ളത്. 48 തവണയും ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ദിവസവും ഉണ്ടായി ഒരു അപകടം. ഇത്തവണ രക്ഷകരായത് സ്വന്തം വീട്ടുമുറ്റത്ത് നിന്നിരുന്ന പേരമരം.
/sathyam/media/post_attachments/0JIUEgeBww6FFk7ZY6Zi.jpg)
വീടിനോടു ചേര്‍ന്ന് റോഡില്‍ നില്‍ക്കുന്ന പേരയില്‍ ഇടിച്ചു കാര്‍ നിന്നതുമൂലം ഇവര്‍ രക്ഷപ്പെട്ടു. പലപ്പോഴും വാഹനങ്ങള്‍ വീടിനു മുന്നിലെ കയ്യാലയില്‍ തൂങ്ങി നില്‍ക്കും. കഴിഞ്ഞ ദിവസമുണ്ടായത് രാവിലെ ആറരയോടെ ബ്ലോക്കുപടി ഭാഗത്തു നിന്നു വന്ന കാര്‍ വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് വീടിന്റെ മുന്നിലെ കയ്യാലയിലേക്ക് ഇടിച്ചു കയറിയിരുന്നു. പേര മരത്തിന്റെ ശിഖരങ്ങളില്‍ തട്ടി കാര്‍ നിന്നതിനാല്‍ താഴേക്ക് മറിഞ്ഞില്ല.
വളവുകള്‍ തിരിഞ്ഞെത്തുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്കു മറിയുകയാണ് പതിവ്. അപകടങ്ങളൊഴിവാക്കാന്‍ വീടിനു മുന്നില്‍ റോഡില്‍ ഇടിതാങ്ങി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷണ്മുഖം പിള്ള പലതവണ പിഡബ്ല്യുഡി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. താലൂക്ക് വികസന സമിതിയിലും പരാതി നല്‍കി. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതികളെല്ലാം നിരസിക്കുകയായിരുന്നു.