‘കൊല്ലുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്’; മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഐഎം രക്തസാക്ഷിയുടെ മകന്റെ കുറിപ്പ്

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, April 8, 2021

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ കോഴിക്കോട് മേപ്പയൂരിലെ സിപിഐഎം രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹിമിന്റെ മകന്‍ ഷെബിന്‍. കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘കൊല്ലുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വെറുതെ പോലും വിചാരിക്കരുത്’, എന്നാണ്‌
ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ്  .

ചൊവ്വാഴ്ച്ച വൈകിട്ട് പോളിങ്ങ് കഴിഞ്ഞ് എട്ട് മണിയോടെയാണ് മൂസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹ്‌സിന്‍, സഹോദരന്‍ മന്‍സൂര്‍ എന്നിവര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഇരുപതോളം പേരടങ്ങുന്ന സിപിഐഎം പ്രവര്‍ത്തകര്‍ മുഹ്‌സിനെ അപായപ്പെടുത്താന്‍ വീട്ടിലെത്തിയെന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബോംബേറില്‍ കാല്‍മുട്ടലേറ്റ ഗുരുതര പരിക്കാണ് മന്‍സൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു മുറിവ്. ബോംബ് സ്‌ഫോടനത്തില്‍ മുട്ട് ചിതറിപ്പോയ അവസ്ഥയിലായതിനാല്‍ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെയും പിന്നീട് എത്തിച്ച വടകരയിലെയും ആശുപത്രികളില്‍ വെച്ച് മുറിവ് തുന്നിച്ചേര്‍ക്കാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചത്.

×