കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്ത് ഷിഗെല്ല പടര്‍ന്നുപിടിച്ച സംഭവത്തില്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്നെത്തിയ സംഘമാണ് മായനാട് പ്രദേശത്ത് പരിശോധന നടത്തുന്നത്.
രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘം കോട്ടാംപറമ്പില്‍ മരണം സംഭവിച്ച വീട്ടിലും സമീപവീടുകളിലും തെളിവെടുപ്പ് ആരംഭിച്ചു. ഷിഗെല്ല ബാക്ടീരിയ മനുഷ്യനിലേക്ക് പടര്‍ന്നത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിരുന്നു.
കേക്ക് കഴിച്ചിട്ടും രോഗം ബാധിച്ചവരുണ്ടെന്നിരിക്കെ വെള്ളത്തിലൂടെയാണ് ബാക്ടീരിയ പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് വിദ്ഗധ സംഘത്തിന്റെ വിലയിരുത്തല്‍. കേക്ക് കഴിക്കാത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
കിണറിലെ വെള്ളം കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയശേഷം സമഗ്രമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കുമെന്ന് സംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.