മുംബൈ : ഷിർഡി ക്ഷേത്ര നഗരത്തിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 88 പേരെ കാണാതായ സംഭവത്തിനു പിന്നിൽ അവയവമാറ്റ മാഫിയയുടെ പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കാൻ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നിർദേശം നൽകി.
/sathyam/media/post_attachments/unxNn2D3ahuxU5PPfyqc.jpg)
2017ൽ ഷിർഡിയിൽ ഭാര്യയെ കാണാതായതിനെ തുടർന്നു മനോജ്കുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ടി.വി. നലാവഡെ, എസ്.എം. ഗവാനെ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഒരുവർഷത്തിനകം 88ൽ കൂടുതൽ ആളുകളെയാണ് ഷിർഡിയിൽ നിന്നു കാണാതായത്. ഇവരിൽ മിക്കവരും സായിബാബ ക്ഷേത്രദർശനത്തിന് എത്തിയവരുമാണ്-കോടതി ചൂണ്ടിക്കാട്ടി. കാണാതായവരിൽ ഏറെയും സ്ത്രീകളാണ്. നിർധനരായ ഒരാളെ കാണാതായാൽ ബന്ധുക്കൾ നിസ്സഹായരാകും.
മിക്കവാറും ആളുകൾ പൊലീസിനെ സമീപിക്കില്ല. ഇത്തരം കേസുകൾ കോടതിയിലെത്തുന്നതും അപൂർവമായാണ്. ഇക്കാരണത്താൽ 88ൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടാകാം-കോടതി നിരീക്ഷിച്ചു.
മുംബൈയിൽ നിന്ന് 270 കിലോമീറ്റർ അകലെ അഹമ്മദ്‌നഗറിൽ സ്ഥിതി ചെയ്യുന്ന ഷിർഡി സായ്ബാബ ക്ഷേത്രം ലോകത്തിലെ തന്നെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ പ്രതിദിനം ഏതാണ്ട് 80,000 ഭക്തർ ഇവിടം സന്ദർശിക്കുന്നുണ്ട്.
വാരാന്ത്യങ്ങളിൽ ഇതു ലക്ഷം കവിയും. സായിനഗർ ഷിർഡി റെയിൽവേ സ്‌റ്റേഷൻ, ഷിർഡി വിമാനത്താവളം, ഔറംഗബാദ് വിമാനത്താവളം തുടങ്ങിയ വഴിയാണ് ഭൂരിപക്ഷം തീർഥാടകരും എത്തുന്നത്.