കഴിഞ്ഞ ഏഴു വർഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു; നിലവിൽ രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണു മോദി-പ്രധാനമന്ത്രിയെ പ്രശംസിച്ച് ശിവസേന നേതാവ്‌; പരാമര്‍ശം ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, June 10, 2021

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രയെ പ്രശംസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. പ്രധാനമന്ത്രി മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു.

‘കഴിഞ്ഞ ഏഴു വർഷത്തെ കേന്ദ്ര ഭരണത്തിനും വിജയത്തിനും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു. നിലവിൽ രാജ്യത്തെയും ബിജെപിയിലെയും ഉന്നത നേതാവാണു മോദി’– റാവത്ത് പറഞ്ഞു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാരാഷ്ട്രാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ റാവത്ത് തയ്യാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി-ശിവസേന സഖ്യം തകര്‍ന്നതിന് ശേഷം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച നേതാവാണ് സഞ്ജയ് റാവത്ത്.

മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണു പ്രതിനിധിസംഘം മോദിയെ കണ്ടത്. ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ, കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാൻ എന്നിവർക്കൊപ്പമായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച. അതിനുശേഷം, സംഘത്തിലെ മറ്റുള്ളവരെ ഒഴിവാക്കി മോദിയും ഉദ്ധവും മാത്രമായി നടന്ന ചർച്ചയാണ് അഭ്യൂഹങ്ങൾക്കു തിരി കൊളുത്തിയത്.

അതേസമയം മോദിയുമായി ഉദ്ധവ് താക്കറെ നടത്തിയത് രാഷ്ട്രീയമായ കൂടിക്കാഴ്ചയല്ലെന്ന് ശിവസേന മുഖപത്രം സാമ്‌ന എഴുതി. ആരുമായുമുള്ള ബന്ധം തകര്‍ന്നിട്ടില്ലെന്നും ഉദ്ധവ് താക്കറെയും വ്യക്തമാക്കി.

×