അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ്: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശിവേസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനം: കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ടാണ് ഇരുവരും നടപടി നേരിടേണ്ടി വന്നതെന്ന് വിമർശനം

ന്യൂസ് ബ്യൂറോ, മുംബൈ
Friday, March 5, 2021

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ശിവേസേനയുടെ മഖപത്രമായ സാമ്‌നയില്‍ ലേഖനം. കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ടാണ് ഇരുവരും നടപടി നേരിടേണ്ടി വന്നതെന്നാണ് സാമ്‌നയിലെ ലേഖനത്തില്‍ ശിവസേനയുടെ ആരോപണം.

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതിന്റെയും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെയും വിലയാണ് ഇരുവരും നല്‍കേണ്ടി വന്നത്. പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ്, ദീപിക പദുകോണിനെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ രാജ്യത്തെ മോശപ്പെടുത്തുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. തപ്‌സി പന്നുവും അനുരാഗ് കശ്യപും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു കഴിഞ്ഞു.

ഇവരൊഴികെ ബോളിവുഡില്‍ അവശേഷിക്കുന്ന മുഴുവന്‍ ഇടപാടുകളും ന്യായവും സുതാര്യമാണോ. ഇവരുമാത്രമാണോ ക്രമക്കേടുകള്‍ നടത്തിയതെന്ന ചോദ്യത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. കര്‍ഷക പ്രതിഷേധത്തിനൊപ്പം നിന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. അതിനുള്ള വിലയാണ് ഇരുവരും നല്‍കുന്നതെന്നും ശിവസേന ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ റെയ്ഡിന് സമാനമായ രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജെഎന്‍യു സര്‍വകലാശാല സന്ദര്‍ശിച്ച്‌ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ദീപിക പദുകോണിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടന്നതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ദിവസം തന്നെയാണ് താരങ്ങള്‍ക്കെതിരെ റെയ്ഡ് നടന്നതെന്നും ശിവസേന ലേഖനത്തില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടില്ലെന്നും രാജ്യത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും ശിവസേന വ്യക്തമാക്കി.

×