മുംബൈ: കൊറോണ വൈറസിനെ കണ്ടുകിട്ടുകയാണെങ്കില്‍ താന്‍ അതു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ മുഖത്ത് തേയ്ക്കുമെന്നു ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള റംഡെസിവിര്‍ എന്ന മരുന്ന് വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉടലെടുത്ത രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു സേനാ എംഎല്‍എയുടെ പ്രതികരണം.
കോവിഡ് പ്രതിരോധ ചികിത്സയില്‍ നിര്‍ണായകമായ റംഡെസിവിര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ മരുന്നുനിര്‍മാണ കന്പനി ഉടമയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ ഫഡ്നാവിസ് ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ രംഗത്തുവന്നതാണു ശിവസേനാ എംഎല്‍എയെ പ്രകോപിപ്പിച്ചത്.
മഹാവ്യാധിയുടെ കാലത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന സംശയവും അദ്ദേഹം ഉയര്‍ത്തി. രോഗവ്യാപനത്തിന്റെ നാളുകളില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു പിന്തുണ നല്കേണ്ടതിനു പകരം അവരെ പരിഹസിക്കാനാണു ബിജെപിയുടെ ശ്രമം. ഫഡ്നാവിസും ബിജെപി നേതാക്കളായ പ്രവീണ്‍ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും ഉള്‍പ്പെടെയുള്ളവര്‍ കേവലം രാഷ്ട്രീയലാഭത്തിനായി പ്രവര്‍ത്തിക്കുകയാണ്.
റംഡെസിവിര്‍ മരുന്ന് സംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മരുന്നു കന്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും സഞ്ജയ് ഗെയ്ക്ക്വാദ് ആരോപിച്ചു.