ശിവസേന പ്രതിപക്ഷത്തേയ്ക്ക് ! എന്‍ഡിഎ വിട്ടു. പാര്‍ലമെന്റില്‍ ഇരിപ്പിടം മാറ്റി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 16, 2019

മുംബൈ∙ ശിവസേന എന്‍ ഡി എ വിടുന്നു. രാജ്യസഭയിൽ ശിവസേന ഇനി പ്രതിപക്ഷത്തിനൊപ്പമിരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന എൻഡിഎ യോഗത്തിലും ശിവസേന പ്രതിനിധികൾ പങ്കെടുക്കില്ല.

അതേസമയം ലോക്സഭയിലും രാജ്യസഭയിലും ശിവസേന അംഗങ്ങളുടെ ഇരിപ്പിടം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന -എന്‍ സി പി -കോണ്‍ഗ്രസ് സർക്കാര്‍ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍.

എൻഡിഎ അംഗങ്ങളുടെ യോഗം നവംബർ 17ന് നടക്കുമെന്നാണ് അറിഞ്ഞത്. മഹാരാഷ്ട്രയിലെ കാര്യങ്ങൾ പരിഗണിച്ച് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണു സേന. ശിവസേന നേതാവ് അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭയിൽനിന്നു രാജി പ്രഖ്യാപിച്ചിരുന്നു .

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി– ശിവസേന ബന്ധം വഷളാക്കിയത്. സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപി ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു.

അതിനിടെ എൻസിപി, കോൺഗ്രസ്, ശിവസേനാ നേതാക്കൾ ശനിയാഴ്ച ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണാൻ അനുമതി ചോദിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ ഗവര്‍ണറുടെ മുന്‍പില്‍ അവതരിപ്പിക്കാനായിരുന്നു സന്ദര്‍ശനം.

×