ദേശീയം

മുണ്ട് അഴിഞ്ഞുപോയത് അറിയാതെ നിയമസഭയില്‍ സിദ്ധരാമയ്യയുടെ പ്രസംഗം; ഓടിയെത്തി ചെവിയില്‍ പറഞ്ഞ് ഡി.കെ. ശിവകുമാര്‍; സഭയില്‍ കൂട്ടച്ചിരി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, September 23, 2021

ബെംഗളൂരു: നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണു. എന്നാല്‍ ഇക്കാര്യം അറിയാതെ സിദ്ധരാമയ്യ പ്രസംഗം തുടരുകയായിരുന്നു. സിദ്ധരാമയ്യയെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഓടിയെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

‘ ഓ..അതായിരുന്നോ’ എന്ന് പറഞ്ഞ് അദ്ദേഹം താഴെക്കിടന്ന മുണ്ടെടുത്ത് ഉടുത്തു, പ്രസംഗം തുടർന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. കോവിഡാനന്തരം ശരീരവണ്ണം വർധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടർന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയിൽ ചിരി പടർത്തുകയും ചെയ്തു.

മൈസൂർ കൂട്ട ബലാത്സംഗത്തിൽ പൊലീസ് നടപടികളെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അതേസമയം, ശിവകുമാർ ചെവിയിൽ പറഞ്ഞ കാര്യം പരസ്യപ്പെടുത്തിയത് കോൺഗ്രസിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ചെവിയിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹം തന്നെ ഇത് പരസ്യപ്പെടുത്തി. ഇത് പരിഹസിക്കാന്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്ന് കോൺഗ്രസ് എംഎൽഎ രമേശ് കുമാർ പറഞ്ഞു.

×