ജീവസ്പന്ദം പോൽ കാരുണ്യ വഴിയിൽ;സാമൂഹ്യജീവിതത്തിൽ സത്യത്തിന്റെ മുഖമായി മാറുകയാണ് സിദ്ധീഖ് ഷൊർണൂർ

സമദ് കല്ലടിക്കോട്
Tuesday, August 11, 2020

സിദ്ധീഖ് എന്നാൽ സത്യസന്ധൻ എന്നാണ് ഭാഷാർഥം.സത്യസന്ധവും ആത്മാർത്ഥവുമായ അപ്രതീക്ഷിത പ്രവർത്തനങ്ങൾ വഴി സാമൂഹ്യജീവിതത്തിൽ സത്യത്തിന്റെ മുഖമായി മാറുകയാണ് സിദ്ധീഖ് ഷൊർണൂർ എന്ന 38 കാരൻ.

തന്നിലെ മനുഷ്യത്വത്തെയും, മന:സാക്ഷിയെയും ,സ്നേഹത്തെയും, സഹായ മന:സ്ഥിതിയെയും ,സേവനമെന്ന കലയാക്കി മാറ്റി സമൂഹത്തിൽ കരുണയുടെ നനവാകുന്ന യുവാവ്.ഷൊർണൂർ നഗരത്തിന്റെ തെക്കെ റോഡിൽ നിന്ന് സേവനപാതയുടെ നാനാ വഴികളിലൂടെ സഞ്ചരിച്ച് നിരവധി ജീവിതങ്ങളെ സഹായിച്ച, സാന്ത്വനിപ്പിച്ച കഥകൾ പറയാനുണ്ട് സിദ്ധീഖിന്.

പരിശുദ്ധ ഖുർആനിൽ വരച്ചിട്ട നന്മയുടെ അദ്ധ്യായങ്ങൾ പല തവണ വായിച്ച് ഹൃദ്യസ്ഥമാക്കിയതിന്റെ പുണ്യം ഈ യുവാവിന്റെ ആരവങ്ങളില്ലാത്ത സേവന കർമ്മങ്ങളിൽ കാണാം. ഭാരതപ്പുഴ ഭീകരരൂപം പ്രാപിച്ച് പ്രളയമായി ഷൊർണൂരിന്റെ തീര ജീവിതങ്ങളെ കഴിഞ്ഞ രണ്ട് വർഷവും ദുരിതത്തിലാക്കിയിരുന്നു.

പ്രളയം പടികടന്നെത്തിയത് മനുഷ്യരുടെ ജാതി-മത-രാഷ്ട്രീയ വേർതിരിവുകളെയും, അതിരുകളെയും ഇല്ലാതാക്കിയായിരുന്നു. അന്ന് സേവന രംഗത്ത് ഈ ചെറുപ്പക്കാരൻ സഹായഹസ്തവുമായി പലരുടെയും പടികയറി ചെന്നതും ഈ ആത്മാർത്ഥ മനസോടെ തന്നെ.

തന്റെ രാഷ്ട്രീയവും ,വിശ്വാസവും സേവനപാതയിൽ ഒന്നിനും തടസ്സമല്ലെന്ന് സിദ്ധീഖ് പറയുന്നു. പെരുന്നാൾ കിറ്റ് മുതൽ ഓണ കിറ്റ് വരെയും, രോഗങ്ങൾക്കും, പണത്തിനും മുന്നിൽ വിഷമിക്കുന്നവർക്ക് മരുന്ന് മുതൽ ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വരെ സിദ്ധീഖിന്റെ സഹായഹസ്തം നിരവധി പേരിലേക്ക് നീളുന്നു. ലോക്ക് ഡൗണിൽ കുടുങ്ങി പോയ 65 ജീവിതങ്ങൾക്ക് ഭക്ഷ്യ കിറ്റുമായി ചെന്ന ഈ യുവാവിനെ മറക്കാനാവില്ല.

300 വീടുകളിൽ മാസ്ക്ക് വിതരണം മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് സംരക്ഷണ കവർ വരെ ഈ സഹായ വഴിയിലുണ്ട്. കുട മുതൽ പoനോപകരണങ്ങൾ വരെ നൽകി പാവപ്പെട്ട കുട്ടികൾക്ക് പിന്തുണ നൽകുന്നു. പ്രളയകാലവും കൊവിഡ് കാലവും തീർത്ത ദുരിതകാലത്ത് ഷൊർണൂരിന്റ മണ്ണിൽ കാരുണ്യത്തിന്റെ കാമ്പുള്ള വിത്ത് നട്ട് വളർത്തിയവരിൽ സിദ്ദീഖിന്റെ മുഖവും, സേവനവും വേറിട്ട് തെളിഞ്ഞു കാണാം.

ഈ ബലിപെരുന്നാൾ ദിനത്തിലും 100 ഭക്ഷ്യ കിറ്റുകൾ നൽകി സിദ്ധീഖ് ത്യാഗസ്മരണയുടെ പുണ്യദിനത്തെ അർത്ഥവത്താക്കി മാറ്റി.’ഏത് പാതിരാത്രിയിലും സഹായം തേടി ആർക്കും വിളിക്കാം. സഹായത്തിനായി സിദ്ധീഖ് പാഞ്ഞെത്തുമെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഒരു നാടു തന്നെയാണ്. പ്രവാസ ലോകത്തെ നല്ല മനസുകൾ, സൗഹൃദങ്ങൾ തനിക്ക് നൽകുന്ന പിന്തുണയും, വിശ്വാസവും ഏറെ വലുതാണെന്ന് സിദ്ധീഖ് നന്ദിയോടെ പറഞ്ഞു.

കരുണ പേറുന്ന അവരുടെ മനസും, വിയർപ്പും തന്റെ സേവനത്തിൽ ചേർത്ത് വെച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് സിദ്ധീഖ്. സാമൂഹിക ജീവിയായ മനുഷ്ന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ വ്യക്തികളും കൂട്ടായ്മകളും വിസ്മരിക്കുന്ന കാലത്താണ് അമിതമായ ആഗ്രഹങ്ങളോ, അസഹിഷ്ണുതയോ ഇല്ലാതെധർമത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായ പ്രവൃത്തിയിലൂടെ ഈ ചെറുപ്പക്കാരൻ വ്യത്യസ്തനാവുന്നത്.

×