പുതിയ സ്വകാര്യ നയമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; അവസരം മുതലാക്കി ജനപ്രീതിയില്‍ മുന്നേറി ‘സിഗ്നല്‍’; ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പുതിയ നിയമം നീക്കാനൊരുങ്ങി വാട്‌സാപ്പും; പുതിയ നയങ്ങള്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് മാത്രമെന്നും കമ്പനിയുടെ വിശദീകരണം; വാട്‌സാപ്പിന് പ്രാണവേദന, സിഗ്നലിന് വീണവായന

ടെക് ഡസ്ക്
Saturday, January 9, 2021

നപ്രീതിയില്‍ ഏറെ മുന്നിലായിരുന്ന വാട്‌സാപ്പിന് കമ്പനിയുടെ പുതിയ സ്വകാര്യ നയമാറ്റം തിരിച്ചടിയായിരിക്കുകയാണ്. നിരവധി പേരാണ് വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ തിരിച്ചടി മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ അപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുമെന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയ നിയമം വാട്‌സാപ്പ്‌ നീക്കം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ നിബന്ധനകളില്‍ പറഞ്ഞിരുന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം ഫെയ്‌സ്ബുക്കിന് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരമാണ് ഒരുക്കുന്നത് എന്നായിരുന്നു ആരോപണം.

എന്നാല്‍, വാട്സാപ് ഉപയോക്താക്കള്‍ പറ്റംപറ്റമായി കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ കമ്പനി അടവു മാറ്റിയിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നയങ്ങള്‍ തങ്ങളുടെ ബിസിനസ് ഉപയോക്താക്കള്‍ക്കു മാത്രമുള്ളതാണ് എന്നൊരു പുതിയ വാദമാണ് ഇപ്പോള്‍ കമ്പനി ഉയര്‍ത്തുന്നത്.

×