മാതാപിതാക്കളുടെ ഏകമകള്‍; 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണം; മകളുടെ മരണത്തിന്റെ ദുരൂഹത അവസാനിപ്പിക്കാന്‍ നീണ്ട വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനിടയില്‍ നാലു വര്‍ഷം മുമ്പ് മാതാപിതാക്കളും മരിച്ചു; ഒടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം വിധി പ്രസ്താവത്തിനൊരുങ്ങി കോടതി; ആ വിധി നാളെ അറിയാം !

New Update

കോട്ടയം: സിസ്റ്റർ അഭയ കേസിൽ വിധി ചൊവ്വാഴ്ച. 28 വർഷങ്ങൾക്ക് ശേഷമാണ് അഭയ കൊലക്കേസിൽ സിബിഐ കോടതി വിധി പറയാനൊരുങ്ങുന്നത്. ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയ (21) കോട്ടയം ബി. സി. എം കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. 1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്.

Advertisment

publive-image

ആദ്യം അന്വേഷണം നടത്തിയ ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അഭയ. നീണ്ട വർഷങ്ങളുടെ നിയമപോരാട്ടത്തിനിടയിൽ അച്ഛൻ തോമസും അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു.

കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാനുള്ള ലോക്കൽ പൊലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി. സി. ചെറിയാൻ മടുക്കാനി പ്രസിഡന്റും, ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 1993 ജനുവരി 30 ന് കോട്ടയം ആർ. ഡി. ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി.

1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കൊച്ചി യൂണിറ്റ് ഡി വൈ എസ് പി വർഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം തള്ളി.

സിബിഐ സ്പെഷ്യൽ ഡയറക്ടർ ആയിരുന്ന എം എൽ ശർമയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘമാണ് അഭയക്കേസ് പിന്നീട് അന്വേഷിച്ചത്. തുടർന്ന് സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്റിലെ കിണറ്റിൽ ജയ്പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.

അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചു കൊണ്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1996ലും 1999ലും 2005ലും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണത്തിന് ഈ സമയങ്ങളിലെല്ലാം കോടതി ഉത്തരവിടുകയായിരുന്നു.

പിന്നീട് ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പൃതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി ബാംഗ്ലൂരിൽ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തി. സിബിഐ സംഘം ഇവരെ 2008 നവംബർ 18 ന് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികൾക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.

മൂന്നു പ്രതികളും വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. ഫാ. ജോസ് പുതുക്കിയലിനെ കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.

28 വർഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചു പോയത് കൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളു. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല. ഡിസംബർ 10 ന് കേസിൽ വാദം പൂർത്തിയാക്കിയിരുന്നു.

abhaya murder case sister abhaya murder case
Advertisment