/sathyam/media/post_attachments/if94Txy9jMR1HnVc3Nve.jpg)
വിപ്ലവ ചിന്തകൾക്കൊപ്പം മലയാള മനസ്സിലേക്ക് കവിതകളുടെ കാലവർഷം പെയ്യിച്ച കവി ഏഴാച്ചേരി രാമചന്ദ്രന്, മെഴുകുതിരി കൊളുത്തി പ്രാർത്ഥനയുടെ പിന്തുണയേകിയ സന്യാസിനി, "സിസ്റ്റർ മരിയോള " ഇന്നലെ പുലർച്ചയിലെ തോരാ മഴയോടൊപ്പം നിത്യതയിലേക്ക് യാത്രയായി.
ക്രിസ്തുനാഥനായുള്ള രാമചന്ദ്രൻ്റെ പ്രാർത്ഥന, ഇനി സ്വർല്ലോകത്തിലിരുന്ന് സിസ്റ്റർ മരിയോള ഏറ്റുചൊല്ലുമായിരിക്കാം. മലയാള കവിതകളിലെ വിപ്ലവ സൂര്യൻ ഏഴാച്ചേരി രാമചന്ദ്രനുമായി, ഉടപ്പിറന്നവളേപ്പോലെ സഹോദര സ്നേഹം കാത്തുസൂക്ഷിച്ച സിസ്റ്റർ മരിയോളയുടെ മരണം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു.
വിളക്കുമാടം കർമ്മല മഠത്തിലെ സന്യാസിനിയായിരുന്നു സിസ്റ്റർ മരിയോള എന്ന സി.ജെ.മേരിക്കുട്ടി.
ഏഴാച്ചേരി ചെട്ടിയാകുന്നേൽ കുടുംബാംഗം. രാമചന്ദ്രൻ വിപ്ലവ വഴികളുടെ കല്ലും മുള്ളും താണ്ടി, പത്രപ്രവർത്തകനായ കാലഘട്ടത്തിൽ തന്നെയാണ് മേരിക്കുട്ടി, ക്രൂശിതൻ്റെ പീഢാനുഭവങ്ങളെ സ്വയംവരിച്ച് കന്യകാലയത്തിൻ്റെ സുവിശേഷ ജീവിതവും തുടങ്ങിയത്.
ഇന്നലെ രാത്രി മരണത്തിനൊരുങ്ങുമ്പോഴും വിറയാർന്ന ചുണ്ടുകളോടെ മരിയോള മന്ത്രിച്ചത് സ്വന്തം സഹോദരനായി കണ്ട, രാമചന്ദ്രൻ എഴുതിയ ക്രൈസ്തവ പ്രാർത്ഥനയായിരുന്നൂവെന്നതും യാദൃശ്ചികമാകാം. രാമചന്ദ്രൻ്റെ പൂമുഖ മുറിയിലെ ഷോകേസിൽ വയലാർ അവാർഡിൻ്റെ തൊട്ടപ്പുറത്തു തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന കൊച്ചു ബൈബിൾ മരിയോളയുടെ സമ്മാനമാണ്, ഇന്നലെ മുതൽ അത് ഓർമ്മയും !
"ഏഴാച്ചേരി ജി.വി.യു.പി. സ്കൂളിൽ (ഇരുപത്തെട്ടുകുന്നേൽ സ്കൂൾ) 5 മുതൽ 7വരെ ഞാനും മേരിക്കുട്ടിയും സഹപാഠികളായിരുന്നു.ശിവരാമൻ സാറും ഇത്തമ്മ ടീച്ചറും, പൊന്നമ്മ ടീച്ചറുമൊക്കെയുള്ള കാലം.
അന്ന് സ്കൂൾ വാർഷികത്തിൽ ഇത്തമ്മ ടീച്ചറിൻ്റെ സംവിധാനത്തിൽ ഞങ്ങൾ കുട്ടികളുടെ ഒരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. ആ നാടകത്തിൽ എനിക്ക് സ്ത്രീ വേഷമായിരുന്നു. ഇതിനായി മേരിക്കുട്ടിയുടെ മഞ്ഞയിൽ കറുത്ത പുള്ളികളുള്ള ഉടുപ്പിട്ട് ഞാനൊരുങ്ങി നിൽക്കുന്നു. പെട്ടെന്ന് പിറകിൽ നിന്ന് എന്നെയൊരാൾ ശക്തിയായി കെട്ടിപ്പിടിച്ചു. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ മറ്റൊരു സഹപാഠി അന്നമ്മ.! മേരിക്കുട്ടിയാണ് നിൽക്കുന്നതെന്ന് വിചാരിച്ചാണ് അന്നമ്മ കെട്ടിപ്പിടിച്ചത്.അന്ന് അന്നമ്മയേക്കാൾ ചമ്മിയത് ഞാനാണ്. ഒരു പാട് ഓർമ്മക്കുറിപ്പുകളിൽ ഈ സംഭവം ഞാൻ കുറച്ചിട്ടുണ്ട്. " സിസ്റ്റർ മരിയോളയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു.
"എനിക്കെൻ്റെ സ്വന്തം സഹോദരിയേപ്പോലെയായിരുന്നൂ മേരിക്കുട്ടി. രണ്ട് മാസത്തിലൊരിക്കൽ പരസ്പരം കത്തുകളയച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കും. വർഷങ്ങൾക്കു മുമ്പ് , യേശു നാഥനോടു പ്രാർത്ഥിക്കാൻ എനിക്കൊരു കവിതാ പ്രാർത്ഥന കുറിച്ചു തരണമെന്ന് മരിയോള പറഞ്ഞു.
"നിത്യദുഃഖത്തിൻ നിളാ നദി തീരത്ത് നിൽക്കുന്ന നൊമ്പര ദാസി ഞാൻ, എൻ പാപമോചനം നൽകണേ, യേശു നാഥാ.... " എന്ന ഈ പ്രാർത്ഥനപ്പാട്ട് എല്ലാ ദിവസവും വിശുദ്ധ രൂപം നോക്കി പാടി പ്രാർത്ഥിക്കുമായിരുന്നൂവെന്ന് മരിയോള പറഞ്ഞിട്ടുണ്ട്.
വിശുദ്ധരുടെ ഛായാചിത്രങ്ങളും ബൈബിളുമൊക്കെ പലവട്ടം മരിയോള എനിക്ക് സമ്മാനമായി തന്നിട്ടുണ്ട്. അതൊക്കെ ഇപ്പോഴും പവിത്രമായി ഞാൻ സൂക്ഷിച്ചു പോരുന്നുമുണ്ട്."- രാമചന്ദ്രൻ പറഞ്ഞു.
രണ്ട് മാസം മുമ്പും രാമചന്ദ്രൻ വിളക്കുമാടത്തെ മഠത്തിൽ പോയി സിസ്റ്റർ മരിയോളയെ കണ്ടിരുന്നു. അസുഖ ബാധിതയായിരുന്നെങ്കിലും കാപ്പിയും കേക്കുമൊക്കെ വിളമ്പി , ധാരാളം സമയം വർത്തമാനം പറഞ്ഞിരുന്ന ശേഷമാണ് അന്ന് പിരിഞ്ഞത്.
എൻ്റെ പ്രാർത്ഥനകൾ ബാക്കിവെച്ച് പറന്നകന്ന ശ്രേഷ്ഠ സന്യാസിനിയ്ക്ക്, പ്രിയ സഹോദരിക്ക് നമോവാകം" .... കനത്ത കവിതകൾ ചൊല്ലുന്ന കവിയുടെ ചുണ്ടുകളിൽ ഗദ്ഗദത്തിൻ്റെ നേർത്ത ശീലുകൾ .....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us