പാകിസ്ഥാന്‍ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ അതേപടി  കെഎഎസ് പരീക്ഷയിലും ; ചോദ്യം പകര്‍ത്തിയിരിക്കുന്നത് കുത്തോ, കോമയോ പോലും മാറ്റമില്ലാതെ ;”പാകിസ്ഥാൻ തീവ്രവാദികൾ പരീക്ഷാ നടത്തിപ്പിൽ നുഴഞ്ഞുകയറിയോ ?..” ; ഗുരുതര ആരോപണവുമായി പി ടി തോമസ്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 25, 2020

കൊച്ചി: കെഎഎസ് പരീക്ഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പി ടി തോമസ് എംഎല്‍എ. പാകിസ്ഥാന്‍ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നാണ് ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.

2001ലും 2014ലുമായി പാകിസ്ഥാനിൽ നടന്ന പരീക്ഷയിലേതാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾ അതേപടി കോപ്പിയടിച്ചെന്നാണ് ആരോപണം. കെഎഎസ് പരീക്ഷയുടെ 63ാമത്തെ ചോദ്യം 2001ൽ നടന്ന പാകിസ്ഥാൻ പരീക്ഷയിലെ ആറാമത്തെ ചോദ്യമായിരുന്നു.

കെഎഎസിലെ 64ാം ചോദ്യം പാകിസ്ഥാൻ പരീക്ഷയിലെ 13ാം ചോദ്യമായിരുന്നു. 66ാം ചോദ്യം 17ാം ചോദ്യമായി വന്നതാണ്. കെഎഎസിലെ 67 ചോദ്യം പാകിസ്ഥാനിലെ പരീക്ഷയിലെ 19ാം ചോദ്യമായി വന്നു. 69ാം ചോദ്യം 20ാം ചോദ്യമായി വന്നു. 70ാം ചോദ്യം 2014ലെ പാകിസ്ഥാൻ പരീക്ഷയിലെ ചോദ്യമാണ്.

ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് എംഎൽഎ ആവശ്യപ്പെടുന്നത്. പാകിസ്ഥാൻ തീവ്രവാദികൾ വല്ലതുംപരീക്ഷാ നടത്തിപ്പിൽ നുഴഞ്ഞുകയറിയോ എന്നും പരിശോധിക്കണം. കുത്തോ കോമയോ മാറ്റമില്ലാതെയാണ് ചോദ്യം പകർത്തിയിരിക്കുന്നതെന്നും പി ടി തോമസ് ആരോപിച്ചു.

ഫെബ്രുവരി 22ന് നടന്ന കെഎഎസ് പരീക്ഷയിൽ മൂന്നര ലക്ഷത്തോളം പേരാണ് 1535 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നൽകുക.

ജൂൺ മാസത്തോടെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയുടെ 300 മാർക്കും അഭിമുഖത്തിന്റെ 50 മാർക്കും അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക പുറത്തിറക്കുക. നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്സി ഉദ്ദേശിക്കുന്നത്.

×