കേരള ഗ്രാമീണ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം ; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, September 18, 2019

ഇടുക്കി: കേരള ഗ്രാമീണ ബാങ്കിന്‍റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ നോക്കിയ ആറുപേര്‍ പിടിയില്‍. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേയ്ക്ക് തിരിയുന്ന ജംഗ്ഷന് സമീപമുള്ള എടിഎം തകര്‍ത്ത് മോഷണം നടത്താനാണ് ശ്രമം നടന്നത്.

ആറുപേരുടെ സംഘത്തിലെ രണ്ടുപേര്‍ സഹോദരങ്ങളും ഒരാള്‍ പിതൃസഹോദരപുത്രനും മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. കോടിക്കുളം വെള്ളംചിറ കുന്നുംപുറത്ത് ഷിജിന്‍ (28), പിതൃസഹോദര പുത്രനായ വാഴത്തോപ്പ് പേപ്പാറ കുന്നുംപുറത്ത് അജിത്ത്(20), അങ്കമാലി സ്വദേശികളായ മാപ്പാലശേരി പോതയില്‍ ഏലിയാസ്(19), ചെറിയമാപ്പാലശേരി ചീരേത്ത് മനു (23) എന്നിവരേയും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരുമാണ് പൊലീസ് പിടിയിലായത്.

മോഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതികളില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു ബൈക്കുകളിലായി അങ്കമാലിയില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നും തൊടുപുഴയിലെത്തി. ഒളമറ്റത്തിന് ബൈക്ക് വെച്ച ശേഷം ഇവിടെ നിന്നും കോടിക്കുളം സ്വദേശി ഷിജിന്‍റെ വെള്ള ഓള്‍ട്ടോ കാറില്‍ പ്രതികള്‍ ഒന്നിച്ച് സഞ്ചരിക്കുകയായിരുന്നു.തുടര്‍ന്ന് കാഞ്ഞാറിലുള്ള വര്‍ക്ക് ഷോപ്പിലെ ഗേറ്റ് ചാടിക്കടന്ന് കവര്‍ച്ച നടത്തുന്നതിനുള്ള ഇരുമ്പു കമ്പിയും ചുറ്റികയും മോഷ്ടിച്ചു.

മൂന്നുങ്കവയലിലെ ബിവറേജസ് ഷോപ്പിന്‍റെ ഔട്ട്ലെറ്റില്‍ മോഷണം നടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി. എന്നാല്‍ ഔട്ട്ലെറ്റിന് സമീപം ആളുകളുള്ളത് കണ്ടതോടെ സംഘം മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാഞ്ഞാര്‍ വാഗമണ്‍ ജങ്ഷനിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ എടിഎം സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഇവിടെയെത്തിയ ഇവരില്‍ മൂന്നു പേര്‍ കാറിലും മറ്റ് സ്ഥലങ്ങളിലായി പരിസരം വീക്ഷിക്കുന്നതിനായി നിന്ന ശേഷം മറ്റു മൂന്നു പേരാണ് എ.ടി.എം കവര്‍ച്ചയ്ക്കായി എത്തിയത്.

എടിഎമ്മിന് പുറത്തെ ക്യാമറ തകര്‍ത്ത ശേഷമായിരുന്നു എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. മുഖം മറച്ച രണ്ടുപേര്‍ എടിഎം കൗണ്ടറിനുള്ളില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമം നടത്തി. ഈ സമയം ഒരാള്‍ പുറത്തുനിന്ന് പരിസരം വീക്ഷിച്ച് മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ ദൃശ്യങ്ങളെല്ലാം എടിഎമ്മിനുള്ളിലുള്ള കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കേടുപാടുകള്‍ പറ്റിയെങ്കിലും എടിഎം കൗണ്ടറില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടില്ല. എടിഎം മെഷീന്റെ കവര്‍ പൊട്ടിച്ച് സ്‌ക്രീന്‍ തകര്‍ത്തെങ്കിലും പണമടങ്ങിയ ബോക്സ് തുറക്കാനാവാതെ വന്നതോടെ സംഘം മടങ്ങുകയായിരുന്നു.

×