മഴ ശക്തമായി; കൃഷിയിടത്തില്‍ ഒച്ചുകളും പെരുകി; ഗ്രോബാഗിലെ ഒച്ചുശല്യത്തിന് പ്രതിവിധി!

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, May 31, 2020

ശക്തമായ മഴ ലഭിച്ചു തുടങ്ങിയതോടെ കൃഷിയിടത്തില്‍ ഒച്ചുകളുടെ ശല്യവും തുടങ്ങിയിട്ടുണ്ടാകും. മഴക്കാലം തുടങ്ങുന്നതോടെ ഒച്ചുകള്‍ വലിയ ശല്യമായി മാറും. ഗ്രോബാഗുകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി താമസമാക്കുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു. ചെടികളും കായുമെല്ലാം ഇവ തുരുന്നു തിന്നും, ഇതോടെ കൃഷി നശിക്കും. എത്ര നശിപ്പിച്ചാലും എളുപ്പത്തില്‍ പെരുകുന്നവയാണ് ഒച്ചുകള്‍. ഇവയെ അടുക്കളത്തോട്ടത്തില്‍ നിന്ന് ഓടിക്കാനുള്ള വഴികള്‍ നോക്കാം.

ഒച്ചുകളുടെ താവളം

കൂട്ടമായെത്തുന്ന ഒച്ചുകള്‍ ചെറുതൈകളുടെ അഗ്രഭാഗത്തും ചുവട്ടിലുമാണ് താവളമുറപ്പിക്കുക. തൈകള്‍ ഇവ ഭക്ഷിക്കുകയും അങ്ങനെ ഉണക്കുകയും ചെയ്യും. ചുവടുകള്‍ ഒച്ചുകള്‍ കാര്‍ന്നു തിന്നുന്നതോടെ ചെടി എളുപ്പത്തില്‍ നശിക്കും. ഇതു തുടര്‍ക്കഥയാകുന്നതോടെ കൃഷി ചെയ്യല്‍ മടുപ്പിക്കുന്ന ഏര്‍പ്പാടാകും. ഒച്ചിന്റെ ആക്രമണത്തെ തുടര്‍ന്ന് മനം മടുത്ത് കൃഷി ചെയ്യല്‍ തന്നെ അവസാനിപ്പിച്ച നിരവധി പേരുണ്ട്.

പ്രതിവിധികള്‍

ഗ്രോബാഗില്‍ ഇവയെ നിയന്ത്രിക്കാന്‍ പോട്ടിങ് മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ത്തും ഇതിനെ ഒരു പരിധിവരെ തടയാം. അഞ്ച് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഗ്രോബാഗുകളില്‍ ഒഴിച്ചുകൊടുത്താല്‍ ഒച്ചുകളെ നിയന്ത്രിക്കാം. ഒച്ചുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

×