കൊച്ചി: ഹെല്‍മറ്റിനുള്ളില്‍ കയറിയ വിഷപ്പാമ്പുമായി അധ്യാപകന്‍ സഞ്ചരിച്ചത് 11 കിലോമീറ്റര്‍. ഉദയംപേരൂര്‍ കണ്ടനാട് ഹൈസ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ കെ.എ. രഞ്ജിത്തിന്റെ ഹെല്‍മറ്റിനുള്ളിലാണ് വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയന്‍ കയറിക്കൂടിയത്.
വീടിന്റെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലാണു രഞ്ജിത്ത് ഹെല്‍മറ്റ് തൂക്കിയിട്ടിരുന്നത്. സമീപത്തെ കാട്ടില്‍നിന്നാകാം പാമ്പു കയറിയതെന്നാണു കരുതുന്നത്.
വീട്ടില്‍ നിന്നു സംസ്‌കൃത ക്ലാസിനായി തൃപ്പൂണിത്തുറ ആര്‍.എല്‍.വി സ്‌കൂളില്‍ എത്തി ഹെല്‍മറ്റ് ഊരിയപ്പോഴാണ് പാമ്പിനെ കാണുന്നത്. ഹെല്‍മറ്റിന്റെ സ്‌പോഞ്ചിന്റെ ഉള്ളില്‍ നിന്നാണു പാമ്പിനെ പുറത്തെടുത്തത്. ഹെല്‍മറ്റ് തലയില്‍ വച്ചതിനാല്‍ പാമ്പ് ചത്ത നിലയിലായിരുന്നു.
ഉടന്‍തന്നെ ഹെല്‍മറ്റ് അടക്കം മണ്ണണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു. ശംഖുവരയന്‍ കടിച്ചാല്‍ വിഷം നേരിട്ട് തലച്ചോറിനെയാണു ബാധിക്കുക. വെള്ളിക്കെട്ടന്‍, കാട്ടുവിരിയന്‍, എട്ടടിവീരന്‍, മോതിരവളയന്‍, വളവളപ്പന്‍, കെട്ടുവളയന്‍, കരിവേല തുടങ്ങിയ പല പേരുകളിലാണ് അറിയപ്പെടുന്നത്. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് ഈ പാമ്പുകളുടെ വാസം.