വീഡിയോ കണ്ട് ഞെട്ടണ്ട, ചത്തിട്ടില്ല ; ഷൊർണൂരിൽ ട്രെയിനിന് അടിയിൽപ്പെട്ട പെരുമ്പാമ്പിന് പുനർജന്മം

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, October 13, 2019

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി ഒരു പെരുമ്പാമ്പിന് പരിക്കേൽക്കുന്ന വീഡിയോ വൈറലായിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിലെത്തിയ പാമ്പ് രണ്ട് പാളങ്ങൾ മുറിച്ച് കടന്ന് അടുത്ത പാളത്തിലേക്ക് കടന്നപ്പോഴാണ് ട്രെയിൻ തട്ടി പരിക്കേറ്റത്. പിടഞ്ഞുവീണ പാമ്പ് അനക്കമില്ലാതെ കിടന്നപ്പോൾ ചത്തുപോയെന്നാണ് വീഡിയോ കണ്ടവർ കരുതിയത്. സോഷ്യൽമീഡിയയിലൂടെ പാമ്പ് ട്രെയിൻ തട്ടി മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു.

സ്റ്റേഷനിലുണ്ടായിരുന്ന ചില യാത്രക്കാരാണ് മൊബൈൽഫോൺ ഉപയോഗിച്ച് പാമ്പ് ട്രെയിനനടിയിൽപ്പെടുന്ന വീഡിയോ ചിത്രീകരിച്ചത്. എന്നാൽ പരിക്കേറ്റ പാമ്പിനെ രക്ഷപെടുത്താൻ ആരും തയ്യാറായില്ല. ഇതേക്കുറിച്ച് മൊബൈലിൽ ദൃശ്യം ചിത്രീകരിച്ചവർക്കെതിരെ വൻ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തിരുന്നു.

എന്നാൽ അപകടത്തിൽപ്പെട്ട് അനക്കമില്ലാതെ കിടന്ന പാമ്പിനെ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാർ ഏറ്റെടുക്കുകയായിരുന്നു. ചത്തെന്ന് കരുതിയാണ് വനംവകുപ്പ് ജീവനക്കാർ പാമ്പിനെ ഓഫീസിലേക്ക് കൊണ്ടുവന്നത്.

എന്നാൽ ഇടയ്ക്ക് പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതിനെത്തുടർന്ന് വെറ്റിറിനറി സർജനെ വിളിച്ചുവരുത്തി. അപ്പോൾ നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്തിത്തില്ലെന്ന് വ്യക്തമായത്. ഉടൻതന്നെ മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെ വിദഗ്ദർ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നൽകി.

വിദഗ്ദ ചികിത്സയ്ക്കൊടുവിൽ പാമ്പ് രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ഫോറസ്റ്റ് ഓഫീസർ ജമാലുദ്ദീൻ ലബ്ബ പറഞ്ഞതായി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന സമൂഹമാധ്യങ്ങളിലൂടെ വ്യക്തമാക്കി.

×