മുഖ്യമന്ത്രി പറഞ്ഞത് ബുദ്ധിയ്ക്ക് നിരക്കുന്നതല്ലെന്ന് എല്ലാവര്‍ക്കും മനസിലായി; യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു, കേരള മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ തന്നെ സാഷ്ടാങ്കം നമസ്‌കരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്; മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം നടത്താന്‍ വേണ്ടി ഭാര്യ ആ പ്രദേശത്തെ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്ന് ശോഭാ സുരേന്ദ്രന്‍ 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 8, 2021

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ സാഷ്ടാങ്കം നമസ്‌കരിക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം കാണാനായതെന്ന് ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍.

എത്രവലിയ യുക്തിവാദിയാണെന്ന് പുറത്തേക്ക് പറഞ്ഞാലും അയ്യപ്പന്റെ ശാപം കിട്ടുമോ എന്നുപോലും ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് സ്വയം തോന്നി. മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം നടത്താന്‍ വേണ്ടി ഭാര്യ ആ പ്രദേശത്തെ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് ബുദ്ധിയ്ക്ക് നിരക്കുന്നതല്ലെന്ന് എല്ലാവര്‍ക്കും മനസിലായി. പക്ഷേ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. കേരള മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ തന്നെ സാഷ്ടാങ്കം നമസ്‌കരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്. ഒരു കാര്യം ഉറപ്പാണ് ദേവഗണങ്ങള്‍ അവരുടെ കൂടെയുണ്ട് എന്ന് പറയേണ്ട സാഹചര്യത്തിലേക്ക് മുഖ്യമന്ത്രി മാറിയത് അയ്യപ്പനെ ഭയപ്പെട്ടുകൊണ്ട് തന്നെയാണ്.

എന്നാല്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളത് അസുരന്മാര്‍ മാത്രമാണ് എന്നുള്ള കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികള്‍ക്കെതിരെ നടത്തിയിട്ടുള്ള ക്രൂര സമീപനങ്ങള്‍ക്കെതിരെയാണ് കാര്യങ്ങള്‍ പറയുന്നത്.

ശോഭയാണെങ്കിലും സുരേന്ദ്രനാണെങ്കിലും പി കെ കൃഷ്ണദാസാണെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. അവര്‍ക്ക് ബിജെപിയാണ് അവര്‍ക്ക് താമര ചിഹ്നമാണ് അതിനപ്പുറത്തേക്ക് ഒന്നും കാണാനില്ലെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടത്ത് ഞങ്ങള്‍ നല്ല ശുഭ പ്രതീക്ഷയിലാണ്. എന്‍ഡിഎ നല്ല രീതിയില്‍ തന്നെ ഇവിടെ വിജയം കൈവരിക്കും എന്നാണ് കരുതുന്നത്. വികസനം ആഗ്രഹിക്കുന്ന അതുപോലെ അയ്യപ്പ വിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് മനസില്‍ ഒരു നീറ്റല്‍ കൊണ്ടു നടക്കുന്ന വിശ്വാസികള്‍ എല്ലാവര്‍ക്കും അകത്തുണ്ട്. അത്തരത്തിലുള്ള ആളുകളുടെ കൂടെ വോട്ടുകള്‍ അനുകൂലമായി വന്നിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

×