മുഖ്യമന്ത്രിയുടെ അമ്മയെ ,ഇന്ത്യൻ പ്രധാനമന്ത്രി കാണുന്നത് പാടവരമ്പത്ത് !അങ്ങിനെയുള്ള അമ്മയും മുഖ്യമന്ത്രിയും ഇവിടെ ഉണ്ടായിരുന്നു

സത്യം ഡെസ്ക്
Saturday, June 6, 2020

മുഖ്യമന്ത്രിയുടെ അമ്മയെ ,ഇന്ത്യൻ പ്രധാനമന്ത്രി കാണുന്നത് പാടവരമ്പത്ത് !അങ്ങിനെയുള്ള അമ്മയും മുഖ്യമന്ത്രിയും ഇവിടെ ഉണ്ടായിരുന്നു !തമിഴ്നാട് മുഖ്യമന്ത്രി  കെ കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ ഒരു റാലിയിൽ പങ്കെടുക്കുവാനായി മധുരയിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ പ്രധാനമന്ത്രി നെഹ്റു ചോദിച്ചു.

കാമരാജ് ജി താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആയിരിക്കുമല്ലോ ?അതെ ഏതണ്ട് ,എൻറെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിൽ നമുക്കു അവിടം ഒന്നു കയറിയാലോ ? നെഹ്‌റുജി പറഞ്ഞു എന്തിന് ? മുഖ്യമന്ത്രി ചോദിച്ചു എനിക്കു താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ എന്നുകരുതി .

നെഹ്‌റു..
” 60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യവുമില്ലാതെ എന്റെ അമ്മയെ കാണാൻ സമയം കളയുന്നത് ” മുഖ്യമന്ത്രി ഒരു ആത്മഗതത്തിനു ശേഷം നെഹ്രുവുമൊത്തു അല്പനേരത്തെ
സ്വകാര്യ സംഭാഷണങ്ങൾക്കൊടുവിൽ കാമരാജ് കാർ തിരിയേണ്ട ദിശ ഡ്രൈവർക്കു കാണിച്ചു കൊടുത്തു.

നീണ്ടു പരന്നു വിശാലമായ ഒരു വയലിനോട് ഓരം ചേർന്നു പായുന്ന കാർ നിർത്താൻ കാമരാജ് ഡ്രൈവറോട് ആവശ്യപ്പെട്ടു . പ്രധാനമന്ത്രി കാറിൽനിന്ന് ചുറ്റുപാടും കണ്ണോടിച്ചു. കടകളോ വീടോ പരിസരത്തൊന്നും കാണാൻ കഴിയാതിരുന്ന നെഹ്രു സ്വയം ചിന്തിച്ചു … എന്തിനായിരിക്കാം കാമരാജ് ഇവിടെ കാർ നിർത്താൻ ആവശ്യപ്പെട്ടത് ?

പുറത്തേക്ക് നോക്കിയിരുന്ന നെഹ്രു തന്റെ ദൃഷ്ടി കാറിനുള്ളിലിരിക്കുന്ന കാമരാജിലേക്കു പതിപ്പിച്ചപ്പോൾ കാണുന്നത് ‘കാറിന്റെ ജനലിൽ കൂടി തന്റെ തല പുറത്തേക്കു നീട്ടി വയലിലേക്ക് നോക്കി കാമരാജ് ആരോടെന്നില്ലാതെ വിളിച്ച്‌ പറയുന്നു’
അമ്മേ ….. ?
ആരും അതു കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ തന്റെ തല അല്പം കൂടി പുറത്തേക്കു ഉയർത്തി കാമരാജ് വീണ്ടും ഉച്ചത്തിൽ നീട്ടി വിളിച്ചു. അമ്മേ ….., ഇതു ഞാനാണ്‌ കാമരാജ്.

വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നു പ്രായമായ ഒരു സത്രീ നിവർന്നു നിന്നു കാറിലേക്ക് നോക്കി കൈ ഉയർത്തി തിരിച്ചു ചോദിച്ചു.
മോനെ …. നിനക്കു സുഖം തന്നെയല്ലേ?

സുഖമാണമ്മേ ….., ഇതു വഴി പോയപ്പോൾ ഒന്നു വിളിച്ചു എന്നേയുള്ളൂ. എന്താ മോനെ വിശേഷം?
ഞാൻ അല്പം ധൃതിയിൽ ഒരാളോടൊപ്പം മധുരയിലേക്ക് പോവുകയാണമ്മേ. അമ്മയെ അയാൾക്കൊന്നു കാണാൻ അമ്മക്കിവിടം വരെ ഒന്നു വരാമോ?
അതിനെന്താമോനെ…
അമ്മ ഇതാ എത്തി കഴിഞ്ഞു…
തോർത്തു മുണ്ടു കൊണ്ടു വിയർപ്പു തുടച്ചു ആ പൊരിവെയിലിൽ
കാറിനടുത്തേക്ക് നടന്നു വരുന്ന വയസായ ഒരു സ്ത്രീയെ കണ്ടു പുറത്തേക്കിറങ്ങിയ നെഹ്രു ഒരക്ഷരം ഉരിയാടാനാകാതെ നിർവികാരനായങ്ങനെ നോക്കി നിന്നപ്പോൾ അടുത്തെത്തിയ സ്ത്രീയെ ചൂണ്ടി
കാമരാജ് പറഞ്ഞു.

ഇതാണെന്റെ അമ്മ. പരിസരബോധം വീണ്ടെടുത്തു നെഹ്രു ആ അമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു …..ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു.
തികച്ചും ആശ്ചര്യം കൂറിയ ആ അമ്മ തൊഴു കയ്യോടെ നെഹ്‌റുവിനെ പ്രത്യഭിവാദ്യം ചെയ്തു കൊണ്ടു മൊഴിഞ്ഞു…..
നന്ദി നന്ദി നന്ദി

×