New Update
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇതുസംബന്ധിച്ച വ്യാജ സന്ദേശങ്ങളും വ്യാപകമാകുന്നു. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുമെന്ന വ്യാജ പ്രചരണമാണ് ഇതിലൊന്ന്.
ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന് പ്രശാന്ത് പട്ടേല്‍ ഉംറാവു ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഈ വ്യാജ സന്ദേശം പങ്കുവച്ചിരിക്കുന്നത്. എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും മൂന്ന് മാസത്തിനുള്ളില്‍ മൊബൈല്‍ ഫോണുകളിലൂടെ സര്‍ക്കാര്‍ പരിശോധിക്കും. ഇതിനെ സ്വാഗതം ചെയ്യുന്നതായും ഉംറാവു ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിഐബി വസ്തുതാ പരിശോധനാ വിഭാഗം ഇത് വ്യാജപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി.
പുതിയ മാര്‍ഗരേഖ അനുസരിച്ച് സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ അധിക്ഷേപകരമായ ഒരു സന്ദേശമോ ട്വീറ്റോ ആദ്യം ആരാണ് പങ്ക് വച്ചതെന്ന് വ്യക്തമാക്കാന്‍ ട്വിറ്റര്‍, വാട്സ് ആപ്, സിഗ്നല്‍, ഫേസ് ബുക്ക് എന്നിവ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകള്‍ തയാറാകണമെന്നാണ് പറയുന്നത്.