ശാസ്ത്രത്തെ മുൻനിർത്തി ലോകത്തെ കീഴടക്കി എന്ന വമ്പു പറയുന്നവന്റെ മുന്നിൽ, അവനെ ഇളഭ്യനാക്കിക്കൊണ്ടു പ്രകൃതി ‘ടോം ആൻഡ് ജെറി’ കളിക്കുകയാണ്. ജാതിവെറിയുടെ മണിയടി ശബ്ദങ്ങള്‍ക്കെതിരെ പടപൊരുതിയ ധീരന്മാർക്കു സാമൂഹിക അകലം ‘അകല’ങ്ങളിലായിരുന്നു, മനസ്സുകളിലായിരുന്നില്ല. കോവിഡ് കാലം കഴിയുമ്പോൾ ഈ അകലങ്ങൾ അടുപ്പങ്ങൾ ആയും അടുപ്പുകല്ലുകളായും മാറണം – യുവ വൈദികന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു

സത്യം ഡെസ്ക്
Tuesday, August 11, 2020

കോവിഡ് കാലം നമ്മോട് പറയുന്ന ആധ്യാത്മീകത എന്താണെന്ന് വ്യക്തമാക്കി ഇടമറ്റം കെ റ്റി.ജെ.എം.എച്ച്.എസ്. മലയാളം അദ്ധ്യാപകനായ ഫാ. ടോമി കാരാംവേലി സി.എം.ഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത കുറിപ്പ് ശ്രദ്ധനേടുന്നു.

ശാസ്ത്രത്തെ മുൻനിർത്തി ലോകത്തെ കീഴടക്കി എന്ന വമ്പു പറയുന്നവന്‍റെ മുന്നിൽ, അവനെ ഇളഭ്യനാക്കിക്കൊണ്ടു പ്രകൃതി ‘ടോം ആൻഡ് ജെറി’ കളിക്കുകയാണെന്ന് ഫാ. ടോമി കാരാംവേലി പറയുന്നു. കോവിഡ് കാലം കഴിയുമ്പോൾ ഈ ‘സാമൂഹിക’ അകലങ്ങൾ അടുപ്പങ്ങൾ ആയും അടുപ്പുകല്ലുകളായും മാറണമെന്നും അദ്ദേഹം പറയുന്നു.

അർഥപൂർണമായ ആ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ …

മനുഷ്യശരീരത്തെ മാത്രമല്ല, സങ്കല്പങ്ങളെയും ബോധ്യങ്ങളെയും ഒരേപോലെ വിസ്‌മൃതിയിലാക്കാൻ കഴിവുള്ള ഒരു സൂഷ്മാണുവിന്റെ ഭയാശങ്കയിലാണ് ലോകം. ലോകചരിത്രപരിശോധനയിൽ മഹാമാരികൾക്കു പുതുമ നിർണയിക്കാനാവില്ല. കാലത്തിന്റെ പൂർത്തിയിലും പ്രകൃതിയുടെ നിയമത്തിലും മഹാമാരികൾ മനുഷ്യന്റെ ചിരകാലാഭിലാഷങ്ങളെ തച്ചുടച്ചിട്ടുണ്ട്.

ശാസ്ത്രത്തെ മുൻനിർത്തി ലോകത്തെ കീഴടക്കി എന്ന വമ്പു പറയുന്നവന്റെ മുന്നിൽ, അവനെ ഇളഭ്യനാക്കിക്കൊണ്ടു പ്രകൃതി ‘ടോം ആൻഡ് ജെറി’ കളിക്കുകയാണ്. ശാസ്ത്രം ഏതെങ്കിലും പോരായ്മയുടെ പ്രതിവിധികണ്ടെത്തുമ്പോഴേക്കും ഒരു തലമുറ പര്യവസാനിച്ചിരിക്കും.

ശാസ്ത്രം ഈശ്വരന്റെ കരവിരുതതെന്നു കരുതിയാലേ കാലത്തേ അതിജീവിക്കാനാകൂ. ഈശ്വരൻ മനുഷ്യന് ബുദ്ധിശക്തിയും വിവേചന ശക്തിയും നൽകിയിട്ടുണ്ട്. അതിന്റെ ക്രമബദ്ധമായ ഉപയോഗമാണ് നടക്കേണ്ടത്. ഇതിന്റെ സ്വാർത്ഥതയാണ് പ്രകൃതിയുടെ അസംതുലീനാവസ്ഥ അഥവാ മഹാമാരിയുടെ കടന്നുകയറ്റം.

ശാസ്ത്രത്തേയും ഈശ്വരനെയും വേർതിരിച്ചു കാണുന്നവൻ ഈശ്വരനെ അവഹേളിക്കുന്നു എന്ന് പറയാം. “മനുഷ്യനെ ഈശ്വരനിൽ നിന്നകറ്റുന്ന ഒരു കാര്യമായി ശാസ്ത്രത്തെ ചിലർ കാണാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എന്റെ കാഴ്ചപ്പാടിൽ ശാസ്ത്രത്തിന്റെ പാതകൾക്കു എന്നും മനുഷ്യഹൃദയങ്ങളിലൂടെ കടന്നു പോകാൻ കഴിയൂ. എനിക്ക് ശാസ്ത്രമെന്നത് ആത്മീയസമ്പന്നതയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കുമുള്ള പാതയാണ്.” എന്ന് പങ്കുവെക്കുന്നത് ഡോ . എപി .ജെ അബ്ദുൾ കലാം ആണ്.

അമേരിക്കയിലെ ഹൂസ്റ്റണിൽ മലയാളികളായ സുമനസുകൾ ചേർന്ന് ഇക്കഴിഞ്ഞ ദിവസം സഹായവിതരണം നടത്തുകയുണ്ടായി. അത് ഏറ്റുവാങ്ങുവാൻ ഏതാണ്ട് നാലായിരത്തിലധികം പേർ അവിടെ എത്തി. പ്രളയം പഠിപ്പിച്ച പാഠം ആയിരിക്കാം മലയാളിയെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത്.

എന്നിരുന്നാലും സഹായം സ്വീകരിച്ചു കടന്നുപോയ ഒരു കാറിന്റെ ഗ്ലാസിൽ ഇങ്ങനെ കുറിപ്പ് കണ്ടു . അതിങ്ങനെയാണ് “ജീവിതത്തോടുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയ മലയാളി സാഹോദര്യത്തിനു നന്ദി.” ഏതാനും ആഴ്ചകൾ നീണ്ടു നിന്ന പ്രളയത്തിൽ നിന്ന് രൂപപ്പെടുത്തിയ സഹകരണ മനോഭാവം കൈമോശം വന്നിട്ടില്ലെന്ന് വർത്തമാനകാലാനുഭവങ്ങൾ പങ്കുവക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാനുഷികമൂല്യങ്ങളെ ദൈവീകതയേയും പെട്ടെന്ന് ഓർമ്മിച്ചെടുക്കാൻ ദൈവത്തിന്റെ പരിശീലന പ്രക്രിയയാണ് (pedagogy) പ്രളയനാന്തരമഹാമാരി എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.

കൊറോണ കാലം സ്വയാവബോധത്തിന്റെയും കലാവിചിന്തനത്തിന്റെയും നേരമാണ്. തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും പരിചിന്തനം നടത്തുക. സ്വയം അതിരുകൾ കെട്ടുക.അതിലിരുന്നു ഉപാസിക്കുക.

അപ്പോൾ താനും ലോകവും സുന്ദരമായിത്തീരും. ഒരാൾ എല്ലാ തിന്മകളുടെയും അടിമയല്ല എന്നോർമ്മിക്കുക. എന്നാൽ ഒരു സമൂഹം അങ്ങനെയല്ല, ആയിരം പേരുണ്ടങ്കിൽ ആയിരം തിന്മകളാൽ കലുഷിതമായിരിക്കും.അത് ആവർത്തിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയുമായി.

അങ്ങനെ എല്ലാ തിന്മകളും വന്നുചേരും. സാമൂഹികതിന്മകൾ എന്നാൽ വൈയക്തിക തിന്മകളുടെ ആകെ തുകയാണ്. ഒരു നന്മയ്ക്കു രണ്ടു തിന്മകളുണ്ട് എന്ന് അരിസ്റ്റോട്ടിലിന്റെ മതം. ഉദാഹരണത്തിന് ധൈര്യം എന്നത് നല്ല ഗുണമാണ്. എന്നാൽ അതിന്റെ ആധിക്യവും അതിന്റെ ലോപവും ഒന്നുപോലെ തിന്മകളാകുന്നു എന്ന് സാരം.

ഈ നിലയിൽ സമൂഹത്തിൽ താൻ വഹിക്കുന്ന പങ്കിനെ ഒരു കണ്ണാടിൽ എന്നപോലെ കണ്ടെത്താനും ആത്മസംയോജിത പരിഹാരം കാണാനും ‘ലോക്‌ഡൗൺ’ കാലത്തിനു കഴിയട്ടെ. ചുരുക്കത്തിൽ വ്യക്തിവിശുദ്ധി സാമൂഹിക തിന്മകൾക്ക് ഒരു പ്രതിവിധിയായിവരുന്നു. അസാധാരണമായ ഈ ദുരന്തകാലത്തു സ്വപ്‌നങ്ങൾ പാതി വഴിക്ക് ഉപേക്ഷിച്ചു സ്വയം സുരക്ഷിതരായിരിക്കുവാൻ, നാടിനെ സുരക്ഷിതമാക്കാൻ കൊറോണാ കാലത്തിനെ കരുതിവെക്കുക.

ഇതുവരെ നാം അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യങ്ങൾക്കും സുഖങ്ങൾക്കും ഭരണകൂടം ഒരു പരിധി നിശ്ചയിച്ചു തരുമ്പോൾ അതിൽ നാം പ്രയാസപ്പെടുന്നു. എല്ലാ മേഘലകളിലും സ്വാതന്ത്ര്യം അനുഭവിച്ചും സുഖസൗകര്യങ്ങൾ അനുഭവിച്ചും ജീവിച്ചതുകൊണ്ടാണ് ഇപ്പോഴുള്ള അവസ്ഥാവിശേഷം അസ്വാതന്ത്ര്യമായും അസുഖകരമായും തോന്നുന്നത് .

ആഫ്രിക്കൻ ജനതയുടെ ഉയിർത്തെഴുനേൽപ്പിനുവേണ്ടി, തന്റെ ഉറച്ച ദർശനത്തിനുവേണ്ടി ദക്ഷിണാഫ്രിക്കയിലെ ഒരു ഏകാന്ത തടവിൽ, നീണ്ട ഇരുപത്തിയെഴു വർഷം കഴിഞ്ഞുകൂടിയ മഹാനാണ് നെൽസൺ മണ്ഡേല. ആറുമാസം കൂടുമ്പോഴാണ് ഒരു സന്ദർശകനെ അനുവദിച്ചിരുന്നത്.

നിർബന്ധിത അടിമവേല, അല്പാഹാരം, നിരന്തരമായ മാനസികപിഡനം ഇതെല്ലാം അദ്ദ്ദേഹത്തിനു ഏറ്റുവാങ്ങേണ്ടിവന്നു. ജയിലിൽ അടക്കപ്പെട്ട ദിനംതന്നെ വെള്ളക്കാരൻ പറഞ്ഞു “നിങ്ങൾക്ക് മരിക്കാനുള്ള ഇടമിതാണ്”. ആ ജയിലിൽ മരിച്ചത് മണ്ഡേല ആയിരുന്നില്ല. മറിച്ചു വർണ്ണവെറി എന്ന നീച വ്യവസ്ഥിതിയാണ്.

ഇരുപത്തിയേഴു വർഷത്തെ ലോക്‌ഡോൺ ജയിൽജീവിതത്തിന് ശേഷം, മണ്ഡേല മാത്രമല്ല വിമോചിതനായത് അടിച്ചമർത്തപ്പെട്ട ഒരു ജനതകൂടിയായിരുന്നു. ഓരോ വ്യക്തിയുടെയും ലോക്‌ഡോൺ ജീവിതത്തിനു ശേഷം അയാൾക്കൊപ്പം ഒരു സമൂഹം കൂടിയാണ് പരിവർത്തനത്തിനു വിധേയമാകേണ്ടത് .

നമ്മുടെ സ്വാതന്ത്ര്യങ്ങൾക്കും സുഖങ്ങൾക്കും കൈവിലങ്ങു വച്ച്, നമ്മുടെ സ്വാതന്ത്ര്യത്തെ ഭരണകൂടം തല്ലിക്കെടുത്തി. സാമൂഹിക അകലം പാലിക്കുവാൻ നാം വീടുകളിൽ കയറിയിരുന്നു നമുക്ക് നിഷേധിക്കപ്പെട്ട ഈ സ്വാതന്ത്ര്യത്തിനു വേണ്ടി, ഒരിക്കൽ രാപകലില്ലാതെ അധ്വാനിച്ചു, തെരുവിൽ കിടന്നുറങ്ങി, തീ തുപ്പുന്ന വെടിയുണ്ടകൾക്കു മുന്നിൽ പതറിപ്പോകാതെ മരണം വരിച്ച ഒരു ജനത നമുക്കുണ്ടായിരുന്നു എന്നത് ഒരു ഓർമപ്പെടുത്തലാണ്.

നമ്മുടെ വീടുകൾ മന്ദിരങ്ങളാകുമ്പോൾ അതിനുള്ളിലെ സുരക്ഷിതത്വത്തിൽ വീർപ്പുമുട്ടി കഴിയുന്ന നാം, കയറിക്കിടക്കാൻ കൂരയില്ലാത്തവന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചു അടിക്കുറിപ്പെഴുതണം.

വിവാഹവിരുന്നോ പോകട്ടെ, സംസ്കാര ചടങ്ങുകൾ പോലും ഫ്ളക്സുകളും പരസ്യങ്ങളുംകൊണ്ട് കൊഴുപ്പിച്ചു അത്യാഡംബരമാക്കുന്ന നാം, നൂറു കണക്കിന് മൃതശരീരങ്ങൾ ട്രക്കുകളിൽ കൊണ്ടുപോയി മറവുചെയ്യുന്ന കാഴ്ച കാണാപ്പുറങ്ങളിലെ പറഞ്ഞുകേൾവിയല്ല എന്ന് ഓർമിച്ചോളൂ.

വിശക്കുന്നവനേ വിശപ്പില്ലാത്ത അവസ്ഥ സ്വപ്‌നം കാണാൻ കഴിയൂ.സമ്പന്നന് ദാരിദ്ര്യത്തെ സ്വപ്നം കാണാൻ കഴിയുമോ?. സാമൂഹിക അകലം പാലിക്കാൻ ആരെങ്കിലുമൊക്കെ ഓർമ്മപ്പെടുത്തുമ്പോൾ, തീണ്ടലും തൊടിയിലും നിറഞ്ഞ ഒരു സമൂഹം ഇവിടെയും ഉണ്ടായിരുന്നു എന്ന് നാം വിസ്മരിക്കരുത്.

ജാതിവെറിയുടെ മണിയടി ശബ്ദങ്ങളും “ഓഹോ ” വിളികളും കാതിലെ ഇരമ്പൽ മാത്രം. അതിനെതിരെ പടപൊരുതിയ ധീരന്മാർക്കു സാമൂഹിക അകലം ‘അകല’ങ്ങളിലായിരുന്നു, മനസ്സുകളിലായിരുന്നില്ല. കോവിഡ് കാലം കഴിയുമ്പോൾ ഈ അകലങ്ങൾ അടുപ്പങ്ങൾ ആയും അടുപ്പുകല്ലുകളായും മാറണം.

മനുഷ്യൻ വീട്ടിലിരുന്നപ്പോൾ, പ്രകൃതിയിൽ ദൈവത്തിന്റെ കൈയൊപ്പ് വ്യക്തമായി കാണാൻ തുടങ്ങി. പക്ഷിമൃഗാദികൾ ദൈവമഹത്വത്തെ പ്രഘോഷിക്കുവാൻ തുടങ്ങി. കാടും മേടും കൈവശപ്പെടുത്തി മൃഗങ്ങളെ ആട്ടിപ്പായിച്ച മനുഷ്യനെ അന്വേഷിച്ചു അവ പുറത്തിറങ്ങിത്തുടങ്ങി.

പ്രകൃതി അതിന്റെ എല്ലാ ഭാവങ്ങളെയും വിരിച്ചു് ഉല്ലസിക്കുന്നു .പ്രാണവായുവിന്റെ അളവ് മൂന്നിരട്ടിയായി. വൃക്ഷലതാതികൾ തഴച്ചു വളരുന്നു. പക്ഷേ മനുഷ്യന് ശുദ്ധവായുശ്വസിക്കുവാൻ അനുവാദമില്ല . കേൾക്കൂ, പ്രകൃതിയിൽ നിന്ന് ദൈവത്തിന്റെ സ്വരം, കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • ഫാ. ടോമി കാരാംവേലി സി.എം.ഐ
×