സോളാര്‍ കേസില്‍ നിയമോപദേശം തേടി സിബിഐ ! സിബിഐ കേസ് ഏറ്റെടുക്കുന്നതിന് ആവശ്യമായ പ്രത്യേക ഘടകങ്ങളൊന്നുമില്ലെന്ന് വിലയിരുത്തല്‍. ഇതുവരെയുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സര്‍ക്കാരും സമ്മതിക്കുന്നില്ല. രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ച് കേസുകള്‍ ഏറ്റെടുക്കരുതെന്ന സുപ്രീംകോടതി വിധിയും സോളാര്‍ അന്വേഷണത്തിന് തടസം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തിരിച്ചടിയാകുന്നു !

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 27, 2021

കൊച്ചി: സോളാര്‍ കേസുകള്‍ സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്‌സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തീരുമാനം. അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം സിബിഐ പരിശോധിക്കും. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് സിബിഐയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സാധാരണയായി രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സാമ്പത്തിക ധനകാര്യ സ്ഥാപനങ്ങള്‍, തുടങ്ങിയവയിലെ സാമ്പത്തിക തട്ടിപ്പുകള്‍, വലിയ തോതിലുള്ള വിദേശ നാണയ ക്രമക്കേടുകള്‍, കയറ്റിറക്കുമതിയിലെ തട്ടിപ്പുകള്‍, തീവ്രവാദം, ബോംബ് സ്ഫോടനം, തട്ടികൊണ്ടുപോകല്‍, തുടങ്ങിയ തരത്തിലുള്ള ക്രമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ക്ക് പുറമേ ഹൈക്കോടതികളും, സുപ്രീം കോടതിയും ആവശ്യപ്പെടുന്ന കേസുകളിലാണ് സാധാരണയായി സിബിഐ കേസന്വേഷണം നടത്തുന്നത്.

സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിബിഐക്ക് കൈമാറി. പരാതിക്കാരിയുടെ ആവശ്യം ആണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്ഞാപനത്തില്‍ പറയുന്നത്.

ഇത് സിബിഐ മാനുവല്‍ പ്രകാരം കേസുകള്‍ ഏറ്റെടുക്കാന്‍ യുക്തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായ നിഗമനം കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നുമില്ല.

സംസ്ഥാനാന്തര ബന്ധം ഉള്ളവര്‍ കേസിന്റെ ഭാഗമാണെന്ന് ഇതുവരെ കേസ് അന്വേഷിച്ച എജന്‍സികളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനായുള്ള സിബിഐ തിരുമാനം.

ഏതെങ്കിലും കേസുകള്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കൈമാറിയത് എന്ന സംശയം ഉണ്ടായാല്‍ കേസിന്റെ ഉള്ളടക്കം പ്രാഥമിക പരിശോധന നടത്തി സിബിഐ ബോധ്യപ്പെട്ടിരിക്കണം എന്ന് സുപ്രിംകോടതി നിര്‍ദ്ദേശം നിലവിലുണ്ട്. ലഭിക്കുന്ന നിയമോപദേശം അനുകൂലമാണെങ്കില്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കൂ എന്ന് ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്.

നിയമോപദേശം പ്രതികൂലമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദികരണം സിബിഐ ആരായും. ഇതും ത്യപ്തികരമല്ലെങ്കില്‍ കേസ് സിബിഐ എറ്റെടുക്കില്ല. ഇതോടെ കേസ് സിബിഐക്ക് വിട്ടത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന പ്രചാരണത്തിന് ശക്തിയേറും. ഇതു ഒഴിവാക്കാന്‍ സോളാര്‍ ‘ഇര’ കോടതിയില്‍ പോകാനിടയുണ്ട്.

അതിനിടെ സോളാര്‍ വിഷയം കൂടുതലായി ചര്‍ച്ച ചെയ്യേണ്ടെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. അതു കാര്യമായി ഗുണം ചെയ്യില്ലെന്നും ഘടകകക്ഷി നേതാക്കള്‍ സിപിഎമ്മിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

×