സോളാര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട്‌ഫോണുകളുമായി ഷവോമി ! ചാര്‍ജിംഗ് ഇനിയൊരു പ്രശ്നമാകില്ല

ടെക് ഡസ്ക്
Monday, August 5, 2019

സ്മാര്‍ട്ട് ഫോണുകളുടെ കുത്തൊഴുക്കാണ് വിപണയില്‍ എങ്കിലും ഇതുപയോഗിക്കുന്നവര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം ബാറ്ററി ലൈഫ് ഇല്ലെന്നതാണ്. മിക്കവാറും ഓഫീസ് ജോലികള്‍ പോലും ഫോണില്‍ ചെയ്യുന്നതിനാല്‍ ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിക്കുന്നതും ചെറുപ്പക്കാര്‍ ഗെയിം കളിക്കുന്നതുമെല്ലാം ഫോണിലെ ചാര്‍ജ് പെട്ടെന്ന് തീരുന്നതിനു കാരണമാകും.

അതിനാല്‍ യാത്രക്കിടെ ചാര്‍ജിങ് സംവിധാനം പരതി നടക്കേണ്ട ഗതികേടാണ് പലര്‍ക്കും. ഇതിനൊരു പരിഹാരമാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ ഷാവോമി പുതുതായി ഇറക്കാന്‍ ഉദ്ദേശിക്കുന്ന സോളാര്‍ പാനല്‍ ഘടിപ്പിച്ച ഒരു സ്മാര്‍ട്‌ഫോണ്‍ .

ഫോണിന് പിറകില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ ആണ് പുതിയ ഉത്പന്നം. ഒരു ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇതെന്നും പുറത്തുവന്ന രൂപരേഖ വ്യക്തമാക്കുന്നു.

നോച്ച് സ്‌ക്രീന്‍ അല്ല ഫോണിലുള്ളത്. അതായത് ഫോണില്‍ പോപ്പ് അപ്പ് ഡിസ്‌പ്ലേയോ അല്ലെങ്കില്‍ ഇന്‍ ഡിസ്‌പ്ലേ ക്യാമറയോ ആയിരിക്കും. ഫോണിന്റെ പിറകില്‍ സോളാര്‍ പാനലും ക്യാമറയും മാത്രമേ ഉള്ളൂ. ഫിംഗര്‍പ്രിന്റ് സ്‌കാനറില്ല. അപ്പോള്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ഫോണില്‍.

സോളാര്‍ പാനല്‍ ഉണ്ടെങ്കിലും ഫോണിന്റെ കനം വര്‍ധിച്ചിട്ടില്ലെന്ന് രൂപരേഖ വ്യക്തമാക്കുന്നു. അതായത് ബാറ്ററി ചെറുതായിരിക്കും. സോളാര്‍ പാനല്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഫോണില്‍ ബാറ്ററിയുടെ വലിപ്പം കുറയ്ക്കുന്നതില്‍ പ്രശ്‌നമുണ്ടാവില്ല.

എന്നാല്‍ ഈ ഫോണ്‍ സംബന്ധിച്ച് ഷാവോമി ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സോളാര്‍ പാനലിന്റെ ശേഷി എത്രത്തോളമുണ്ടെന്നതും വ്യക്തമല്ല.

×