ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ കണ്ണീർ നോവ് അറിയാതെ സൈനികന്റെ ഒക്കത്തിരുന്ന് അച്ഛന്റെ മുഖത്ത് തലോടി ദേവരഥ് ; ഒരു മാസം മുന്‍പ് പുഞ്ചിരിയോടെ രാജ്യ സേവനത്തിലേക്ക് മടങ്ങിയ പ്രിയതമന്റെ തണുത്തുറഞ്ഞ മുഖത്ത് വീണ് അലറിക്കരഞ്ഞ് തളർന്ന് ഗീതു ; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് മരിച്ച സൈനികന് ജന്മനാട് വിടനല്‍കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, December 7, 2019

കാട്ടാക്കട :  കണ്ട് നിന്നവരുടെ നെഞ്ച് പിളർത്തുന്ന കാഴ്ചയായിരുന്നു അഖിലിന്റ വീട്ടിൽ. ത്രിവർണ്ണ പതാക പുതച്ച് മുന്നിലെത്തിയ അഖിലിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നാടിന്റെ നിലവിളി ഉയർന്നു.

സൈനികന്റെ ഒക്കത്തിരുന്ന് അച്ഛന്റെ മുഖത്ത് തലോടുന്ന ദേവരഥിന്റെ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. ഏക മകന്റെ ആദ്യ പിറന്നാൾ ആഘോഷിച്ച് ഒരു മാസം മുന്‍പ് പുഞ്ചിരിയോടെ രാജ്യ സേവനത്തിലേക്ക് മടങ്ങിയ പ്രിയതമന്റെ തണുത്തുറഞ്ഞ മുഖത്ത് വീണ് അലറിക്കരഞ്ഞ് ഗീതു.

ഫോണിൽ വിശേഷം പറഞ്ഞ് മഞ്ഞ് പാളികൾക്ക് അടിയിലേക്കു പോയി മറഞ്ഞ മകന്റെ തണുത്തുറഞ്ഞ ശരീരത്തിലേക്ക് വീണ് അമ്മയുടെ നിലവിളി.

ആദ്യം മുതൽക്കെ ധൈര്യം സംഭരിച്ചിരുന്നെങ്കിലും ഒടുവിൽ പിടിവിട്ട് പോയ പിതാവിനെയും സഹോദരനെയും ആശ്വാസിപ്പിക്കാനുള്ള വിഫല ശ്രമങ്ങൾ. അവസാനമായി ഒരു നോക്ക് കാണാൻ ജനം കുഴയ്ക്കാട് സ്കൂൾ അങ്കണത്തിലും വീട്ടിലും രാവിലെ തന്നെ സ്ഥാനം പിടിച്ചു. എല്ലാവർക്കും അഖിലിനെ കുറിച്ച് പറയാൻ നല്ലത് മാത്രം.

അഖിലിന്റെ മൃതദേഹം എത്തിക്കുന്നത് അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് അനവധി പേരാണ് കുഴയ്ക്കാടേക്ക് ഒഴുകിയെത്തിയത്.

×