സന്തോഷ് വിഡിയോ കോളിൽ വിളിക്കുമ്പോഴും അവൾ അടുക്കളയിലായിരുന്നു; കിടപ്പു മുറിയിലായിരുന്നെങ്കിൽ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നു; സൗമ്യ താമസിക്കുന്ന തെരുവിൽ താമസിക്കുന്ന ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്, ഉടനെ ഞാൻ ഓടി അവിടെയെത്തുമ്പോഴേക്കും തകർന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് ഉണ്ടായിരുന്നത്; എന്റെ തലയ്ക്കു മുകളിൽ അപ്പോഴും ഷെല്ലുകൾ പാഞ്ഞുപോകുന്നുണ്ടായിരുന്നു; ചിന്നിച്ചിതറിയ അടുക്കളയിൽ നിന്നു അവളുടെ ഫോൺ മാത്രം എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല, സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും അറ്റുപോയി; ഭര്‍ത്യ സഹോദരി പറയുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, May 13, 2021

ടെല്‍അവീവ്‌: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയായ നഴ്സ് സൗമ്യയുടെ ഭർത്താവിന്റെ സഹോദരി ഷേർളി ബെന്നി ഇസ്രയേലിലെ അഷ്കെലോണിൽ നിന്ന് ആ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുന്നു. 12 വർഷമായി ഷേർളിയും ഇസ്രയേലിലുണ്ട്.

മരിക്കുന്നതിനു 10 മിനിറ്റ് മുൻപാണ് ഞാൻ സൗമ്യയെ അവസാനമായി വിളിച്ചത്. ഷെല്ലാക്രമണം തുടരുന്നതിനാൽ അവൾ പരിചരിക്കുന്ന വയോധികയെ മകൻ താമസിക്കുന്ന ടെൽ അവീവിലെ വീട്ടിലേക്കു മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് അവൾ പറഞ്ഞു.

നാട്ടിലേക്കു കൊടുത്തയയ്ക്കാൻ കുറച്ചു സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ മകനു വേണ്ടി താനും കുറച്ച് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്, ഈ ബഹളം കഴിഞ്ഞിട്ട് ഒന്നിച്ചയയ്ക്കാം എന്ന് അവൾ പറഞ്ഞു.

വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫോൺ വച്ചത്. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാന സംഭാഷണം. ഭർത്താവ് സന്തോഷ് വിഡിയോ കോളിൽ വിളിക്കുമ്പോഴും അവൾ അടുക്കളയിലായിരുന്നു.

എന്റെ രണ്ട് അനുജത്തിമാരും ചേച്ചിയും സൗമ്യയും ഇസ്രയേലിലാണ് ജോലി ചെയ്തിരുന്നത്. സൗമ്യ ഇവിടെ എത്തിയിട്ട് 8 വർഷം കഴിഞ്ഞു. 4 വർഷം മുൻപ് അനുജത്തിമാരും കഴിഞ്ഞ വർഷം ചേച്ചിയും നാട്ടിലേക്കു തിരിച്ചുപോയി.

പക്ഷേ, ഞാനും സൗമ്യയും ഇവിടെ തുടർന്നു. കഴിഞ്ഞ ഈസ്റ്ററിനാണ് ഞങ്ങൾ അവസാനമായി നേരിൽ കണ്ടത്. ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നു 15 മിനിറ്റ് ദൂരം മാത്രമേ ഉള്ളുവെങ്കിലും ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ വല്ലപ്പോഴും മാത്രമായിരുന്നു നേരിൽ കാണുക.

എല്ലാ ദിവസവും ഫോണിൽ സംസാരിക്കും. സൗമ്യ താമസിക്കുന്ന തെരുവിൽ താമസിക്കുന്ന ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്.

ഉടനെ ഞാൻ ഓടി അവിടെയെത്തുമ്പോഴേക്കും തകർന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ തലയ്ക്കു മുകളിൽ അപ്പോഴും ഷെല്ലുകൾ പാഞ്ഞുപോകുന്നുണ്ടായിരുന്നു.

സൗമ്യ പരിചരിക്കുന്ന സ്ത്രീയെ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയ വാഹനം അവിടെ കിടപ്പുണ്ടായിരുന്നു. വണ്ടി വരുന്നതിന് സെക്കൻഡുകൾ മുൻപാണത്രേ ബോംബ് വീണത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സൗമ്യയെ ഞങ്ങൾക്കു നഷ്ടമായത്.

ഭക്ഷണം കഴിക്കാനായി അടുക്കളയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കിടപ്പു മുറിയിലായിരുന്നെങ്കിൽ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നു. ആ മുറി തകർന്നിട്ടില്ല. ഷെല്ല് വീണ് അടുക്കളയുടെ ചുമരുകളും റഫ്രിജറേറ്ററും സൗമ്യയുടെ മുകളിലേക്കു വീണു.

ശരീരത്തിൽ മുറിവുകളുണ്ടെങ്കിലും പുറമേ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല.സംഭവദിവസം ഞാൻ അവിടെയെത്തി മരിച്ചതു സൗമ്യ തന്നെയെന്നു സ്ഥിരീകരിച്ചു. ഇന്നലെ വീണ്ടും അപകടം നടന്ന വീട്ടിലെത്തി. അവളുടെ ബാഗും മറ്റു സാധനങ്ങളും കണ്ടെടുത്തു.

ചിന്നിച്ചിതറിയ അടുക്കളയിൽ നിന്നു അവളുടെ ഫോൺ മാത്രം എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും അറ്റുപോയി. അവർ അത്യാസന്ന നിലയിൽ തുടരുകയാണ്.

സൗമ്യയുടെ മൃതദേഹം ടെൽ അവീവിലേക്കു മാറ്റിയിരിക്കുകയാണ്. താമസിക്കുന്ന പ്രദേശത്ത് ഇന്നും ഷെല്ലുകൾ വീഴുന്നുണ്ട്.

×