നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിന് തുടക്കം; കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

ഡൽഹി : കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. നേരത്തെ ജൂൺ 5നു മാത്രമെ കാലവർഷമെത്തൂ എന്നായിരുന്നു പ്രവചനം. രാജ്യത്താകെ നാല് മാസത്തോളം നീണ്ടു നിൽക്കുന്ന മഴക്കാലത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്നു കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹൻപത്ര അറിയിച്ചു.

കൃഷിയെ ആശ്രയിച്ചുള്ള ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ, സാധാരണയായി കേരളത്തിന്റെ തെക്കേ അറ്റത്ത് ജൂൺ ആദ്യ വാരത്തിൽ എത്തുകയും സെപ്റ്റംബറോടെ രാജസ്ഥാനിൽ നിന്ന് പിൻവാങ്ങുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിൽ ലഭിക്കുന്ന 75% മഴയും ഈ സീസണിലാണ്. ശനിയാഴ്ച, സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സ്‌കൈനെറ്റ് കേരളത്തിൽ കാലവർഷം എത്തിയതായി അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ വകുപ്പ് നിഷേധിച്ചിരുന്നു. അത്തരമൊരു പ്രഖ്യാപനത്തിനു സാഹചര്യമില്ലെന്നായിരുന്നു വിശദീകരണം.

അതേസമയം, കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുന്നുണ്ട്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ബുധനാഴ്ച വൈകിട്ടോടെ വടക്കന്‍ മഹാരാഷ്്ട്രയക്കും തെക്കന്‍ ഗുജറാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന.

കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാർ, അരുവിക്കര സംഭരണികളുടെ ഷട്ടറുകൾ നിയന്ത്രിതമായി ഉയർത്തിയേക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

×