രാജ്യത്ത് ഇക്കൊല്ലം മൺസൂൺ സാധാരണനിലയിൽ ആയിരിക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ആദ്യത്തെ ലോങ്ങ് റേഞ്ച് ഫോർക്കാസ്റ്റിലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയിൽ സാധാരണനിലയിൽ ഉണ്ടാകുമെന്ന് അറിയിച്ചത്. ഈ വർഷം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം എത്തുന്നതും പിൻവാങ്ങുന്നതും സംബന്ധിച്ച തീയതികൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ മൺസൂൺ ജൂണിൽ തന്നെ എത്തുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
/sathyam/media/post_attachments/HAGnKJh6N8EKJldov3IB.jpg)
ജൂൺ 4 ന് ചെന്നൈയിൽ, ഏഴിന് പഞ്ജിം, എട്ടിന് ഹൈദരാബാദ്, പത്തിന് പൂനെ, പതിനൊന്നിന് മുംബൈ എന്നിങ്ങനെ കാലവർഷം എത്തുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ 27 നാണ് കാലവർഷം ഡൽഹിയിൽ എത്തുന്നത്.
ഇക്കാലയളവിൽ സാധാരണ ലഭിക്കുന്ന മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ശരാശരി 88 സെന്റിമീറ്റർ മഴയാണ് ലഭിക്കുന്നത്. ഇതിൻ്റെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കേരള തീരത്ത് ജൂണിൽ ആരംഭിച്ച് ഒന്നര മാസത്തിൽ രാജ്യം മുഴുവൻ മൺസൂൺ ലഭിക്കും. സെപ്റ്റംബർ 1 ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നായി ആരംഭിച്ച് പൂർണ്ണമായും പിൻവാങ്ങാൻ ഏകദേശം ഒരു മാസമെടുക്കും. സെപ്റ്റംബർ 30 നാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിക്കുന്നത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രണ്ട് ഘട്ടങ്ങളിലായിട്ടാണ് ലോങ്ങ് റേഞ്ച് ഫോർകാസ്റ്റ് നടത്തുന്നത്. ഏപ്രിലിൽ, ആദ്യ ഘട്ട പ്രവചനവും ജൂണിൽ രണ്ടാമത്തേതും പുറപ്പെടുവിക്കുന്നു.
രാജ്യത്ത് 70 ശതമാനം മഴ ലഭിക്കുന്നതും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ്. നെല്ല്, ഗോതമ്പ്, കരിമ്പ് തുടങ്ങിയവയുടെ കൃഷിക്കായി ആശ്രയിക്കുന്നതും ഈ മൺസൂൺ കാലത്തെയാണ്.