കോവിഡ് ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും പൂര്‍ണമായും സൗജന്യമാക്കാന്‍ അന്താരാഷ്ട്ര കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മലയാളി ! അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് പാലാ കുറിച്ചിത്താനം സ്വദേശി എസ്‌പി നമ്പൂതിരി. പ്രതിരോധ കുത്തിവയ്പ്പിന് ഓരോ രാജ്യത്തും ഓരോ വില ഈടാക്കുന്നത് നീതികേടെന്ന് പരാതിയില്‍. പ്രാണവായുവിനും ലക്ഷങ്ങള്‍ ഈടാക്കുന്ന ചികിത്സയിലും കോടതി അടിയന്തരമായി ഇടപെടണം ! പരാതി നല്‍കിയത് സുപ്രീംകോടതി അഭിഭാഷകന്‍ മുഖേന

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, May 15, 2021

കോട്ടയം: കോവിഡ് ചികിത്സയും വാക്‌സിന്‍ വിതരണവും പൂര്‍ണമായും സൗജന്യമാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മലയാളിയായ 86 കാരന്‍ അന്താരാഷ്ട്ര കോടതിയില്‍. കോട്ടയം പാല കുറിച്ചിത്താനം സ്വദേശിയും ശ്രീധരീയം വൈദ്യശാല മാനേജിങ് ഡയറക്ടറുമായ എസ്.പി നമ്പൂതിരി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വില്‍സ് മാത്യു അടക്കമുള്ള നിയമ വിദഗ്ദരാണ് ഇദ്ദേഹത്തിനായി നിയമനടപടികള്‍ നടത്തുക.

കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഇതിനെ പിടിച്ചുകെട്ടാനുള്ള പ്രതിവിധി ഇനിയും കണ്ടെത്താത്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര കോടതിയുടെ അടിയന്തര ഇടപെടലാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡിന് നല്‍കുന്ന ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

പ്രാണവായുവിന് വേണ്ടി കേഴുന്ന രോഗികള്‍ക്ക് പോലും വലിയ തുക നല്‍കി ചികിത്സ നേടേണ്ട സാഹചര്യമാണുള്ളത്. ഇതു അവസാനിപ്പിക്കണം. കോവിഡിന് പ്രതിരോധമായി ആകെ കണ്ടെത്തിയിരിക്കുന്നത് പ്രതിരോധ കുത്തിവയ്പ്പാണ്.

ഇതിനു പോലും പല രാജ്യങ്ങളിലും പല തുകയാണ് ഈടാക്കുന്നത്. പണ്ട് രാജഭരണകാലത്തുപോലും വാക്‌സിന്‍ സൗജന്യമായിരുന്നു. അച്ചുകുത്ത് എന്ന പേരില്‍ ഒരാശുപത്രിയിലും പോകാതെ വീട്ടില്‍ തന്നെ അതു വന്നു ചെയ്തിരുന്നു. ഈ ജനാധിപത്യക്കാലത്ത് അതു കൃത്യമായി ചെയ്യേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് ഉണ്ട്.

ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളെയും ഇക്കാര്യം ബോധിപ്പിക്കണമെന്നും ചികിത്സയും പ്രതിരോധ കുത്തിവയ്പും പൂര്‍ണമായും സൗജന്യമാക്കണമെന്നും എസ്.പി നമ്പൂതിരി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

×